കുട്ടുപുഴ പാലം: കേരള അതിര്‍ത്തിയില്‍ വീണ്ടും കര്‍ണാടകത്തിന്റെ സര്‍വേ
ഇരിട്ടി: കൂട്ടുപുഴയില്‍ കേരളം നടത്തുന്ന പാലം നിര്‍മാണം തടസപ്പെടുത്തിയതിന് ശേഷം അതിര്‍ത്തിയില്‍ വീണ്ടും കര്‍ണാടക ഫോറസ്റ്റ് അധികൃതരുടെ സര്‍വേ. കഴിഞ്ഞ ആഴ്ചയും ദുരൂഹത ഉയര്‍ത്തിക്കൊണ്ടു കര്‍ണാടക അധികൃതര്‍ മേഖലയില്‍ സര്‍വേ നടത്തിയിരുന്നു. മൂന്നു വാഹനങ്ങളിലായി എത്തിയ പതിനഞ്ചോളം വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് സര്‍വേ നടത്തുന്നത്. കേരളം ഇതുവരെ തങ്ങളുടേതായി കൈവശം വച്ചിരുന്ന ഭാഗങ്ങളിലാണ് സര്‍വേ പുരോഗമിക്കുന്നത്. കൂട്ടുപുഴയില്‍ ഇപ്പോഴുള്ള പാലം വരെയുള്ള ഭാഗങ്ങളില്‍ പുതിയ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാലത്തിന് ചേര്‍ന്നും കഴിഞ്ഞദിവസം പുതുതായി സര്‍വേക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ മേലധികാരികള്‍ നിര്‍ദേശിച്ച പ്രകാരമാണ് സര്‍വേ നടപടിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇതിനു ശേഷം കേരളവും കര്‍ണാടകവും ചേര്‍ന്നുള്ള സംയുക്ത സര്‍വേ നടത്താന്‍ തീരുമാനമുണ്ടാവുമെന്നും ഇയാള്‍ പറഞ്ഞു. പാലം നിര്‍മാണത്തില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തിലും റവന്യൂ സെക്രട്ടറി തലത്തിലും കഴിഞ്ഞ ദിവസം ഇടപെടലുകള്‍ നടത്തിയിരുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം പൂര്‍ണമായും തങ്ങളുടേതാണെന്നാണ് കര്‍ണാടകത്തിന്റെ അവകാശ വാദം. എന്നാല്‍ മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെന്ന് തെളിയില്‍ക്കുന്ന രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നു കേരളാ റവന്യു വകുപ്പും അവകാശപ്പെടുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം തങ്ങളുടേതാണന്ന് തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു രേഖയും കര്‍ണാടക അധികൃതര്‍ കാണിക്കുന്നുമില്ല. സംസ്ഥാന പുനഃസംഘടനാ സമയത്ത് ഇരുസംസ്ഥാനങ്ങളും സംയുക്തമായി നിര്‍ണയിച്ച അതിര്‍ത്തിരേഖ കേരള റവന്യു സംഘത്തിന്റെ പക്കലുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രഹ്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയായി കണക്കാക്കിയ കൂട്ടുപുഴ വരെയുള്ള രേഖ ആധികാരിക രേഖയായി കാണിച്ചാണ് കര്‍ണാടകം വാദിക്കുന്നത്. ഇതിന് നിയമസാധുത ഇല്ലെന്നിരിക്കെ കര്‍ണാടകം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സര്‍വേയില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."