എം.ഇ.എസിന്റെ സ്വത്ത് ഫസല്‍ ഗഫൂറും കുടുംബാംഗങ്ങളും കൊള്ളയടിക്കുന്നുവെന്ന്
കൊച്ചി: എം.ഇഎസിന്റെ ഭൂസ്വത്തുക്കള്‍ പ്രസിഡന്റ് ഫസല്‍ ഗഫൂറും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊള്ളയടിക്കുന്നതായി ആരോപണം. സ്വന്തം സ്ഥാപനത്തെ കൊള്ളയടിക്കുമ്പോഴും മറ്റ് മത സ്ഥാപനങ്ങളുടെയും നേതാക്കളുടെയും വിമര്‍ശകനായി ടി.വിചാനലുകളില്‍ ഫസല്‍ ഗഫൂര്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ മുഖം പുറംലോകത്തെ അറിയിക്കുന്നതെന്ന് സേവ് എം.ഇ.എസ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം.ഇ.എസിലെ അഴിമതിയും ക്രമക്കേടുകളും ചോദ്യം ചെയ്യുന്നവരെയെല്ലാം വെട്ടിനിരത്തി സൊസൈറ്റിയെ ആശ്രിതരെക്കൊണ്ട് കുത്തിനിറച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സംഘടനയിലെ ജനാധിപത്യ നടപടി അട്ടിമറിച്ചാണ്് ഫസല്‍ ഗഫൂര്‍ അധികാരത്തില്‍ തുടരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികള്‍ വിലമതിക്കുന്ന എം.ഇ.എസിന്റെ സ്വത്തുക്കളും സ്ഥാപനങ്ങളും 14 ആധാരങ്ങള്‍ വഴി എല്ലാ ചട്ടങ്ങളും ലംഘിച്ച് വില്‍പ്പന നടത്തി. ഇതുമായി ബന്ധപ്പെട്ട് 15 കേസുകള്‍ ഹൈക്കോടതിയിലുള്‍പ്പടെ നിലനില്‍ക്കുന്നുണ്ട്. ഈ കേസുകള്‍ നടത്തുന്നതിന്റെ പേരില്‍ ഭീമമായ തുകയാണ് വര്‍ഷം തോറും ചെലവഴിക്കുന്നത്. ഭരണഘടനാ ഭേദഗതി വരുത്തി ഫസല്‍ഗഫൂറും മകനും മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളമായി എഴുതിയെടുക്കുന്നു. എം.ഇ.എസിന്റെ പോഷക സംഘടനകളായ വനിതാ വിങ്, യൂത്ത് വിങ് എന്നിവ പിരിച്ചുവിട്ട് മകന്‍ ഡോ. റഹിം ഫസലിനെ യൂത്ത് വിങിന്റെ ജനറല്‍ സെക്രട്ടറിയാക്കി. മകനെ എം.ഇ.എസിന്റെ തലപ്പത്ത് കൊണ്ടുവരികയെന്നതാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. ഖത്തര്‍ സ്‌കൂള്‍, ചേറ്റുവ ഹോസ്പിറ്റല്‍, വയനാട് എം.ഇ.എസ് മിഷന്‍ ആശുപത്രി, ഈരാറ്റുപേട്ട എം.ഇ.എസ് മിഷന്‍ ആശുപത്രി, കാസര്‍കോട് കുനിയില്‍ സ്്കൂള്‍, മാറംപള്ളി കോളജിന്റെ മൂന്ന് ഏക്കര്‍ തുടങ്ങിയ നിവരധി വസ്തുവകകള്‍ എം.ഇ.എസിന് നഷ്ടമായി. ഇവ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എം.ഇ.എസ് മുന്‍ പ്രസിഡന്റ് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, അമീര്‍ അഹമ്മദ്, ഡോ. മഹ്ഫൂസ് റഹ്മാന്‍, കളത്തില്‍ ബഷീര്‍,ആബിദ് റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."