ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: 17 സി.പി.എമ്മുകാര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും
കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വീട് തകര്‍ക്കുകയും ചെയ്ത കേസില്‍ 17 സി.പി.എം പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും.
തളിപ്പറമ്പ് ചെനയന്നൂരിലെ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.കെ മുഹമ്മദ് കുഞ്ഞിയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വീട് തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2009 നവബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. അക്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, മറ്റ് ഉപകരണങ്ങള്‍, വാഹനം, റബര്‍പുര എന്നിവ തകര്‍ക്കുകയും റബര്‍ തോട്ടം വെട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു.
മുഹമ്മദ് കുഞ്ഞിയുടെ പ്ലൈവുഡ് സ്ഥാപനത്തിന് നേരെയും അക്രമം നടന്നിരുന്നു. മാരകമായി പരുക്കുപറ്റിയ മുഹമ്മദ്കുഞ്ഞി ദിവസങ്ങളോളം മംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
കാഞ്ഞിരങ്ങാട് ചെനയന്നൂര്‍ സ്വദേശികളായ വലിയവളപ്പില്‍ ടി.കെ വിജയന്‍(63), കുഞ്ഞിപ്പറമ്പ് പുത്തന്‍വീട്ടില്‍ ശ്രീജിത്ത്(28), കൊളത്തടിയില്‍ വല്‍സന്‍(59), വലിയവളപ്പില്‍ ദിലീപ് കുമാര്‍(39), മടപ്പള്ളി വീട്ടില്‍ സുജീഷ്(31), ബിജു കെ. വിജീഷ്(37), മണിയില്‍ പ്രേമേഷ് എന്ന മഹേഷ്(36), മൂളിയില്‍ വീട്ടില്‍ ദിനേശന്‍(38), കൊയിലേരി വീട്ടില്‍ ബാലകൃഷ്ണന്‍(44), കുമ്പക്കര വീട്ടില്‍ രാമകൃഷ്ണന്‍(39), ഒറ്റപുരയില്‍ നാരായണന്‍(44), മടപ്പള്ളി രാജന്‍(59), എം വി ഗംഗാധരന്‍, ചെല്ലേന്‍ നാരായണന്‍(44), പൊത്തരണ്ടിവീട്ടില്‍ പ്രവീണ്‍(39), കനടത്തില്‍ ലിഗേഷ്(34), പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍(37) എന്നിവരെയാണ് വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷവിധിച്ചത്. 25,000 രൂപ വീതം പിഴയും നല്‍കണം. കോടതി വിധി വന്നതിന് പിന്നാലെ കേസില്‍ സാക്ഷിപറഞ്ഞ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപത്തെ ഹക്കിമിന്റെ വീട്ടിന് നേരെ ആക്രമണം നടന്നു. പുറത്ത് നിര്‍ത്തിയിട്ട കാറും തകര്‍ത്തിട്ടുണ്ട്. ഹക്കിമിന്റെ മാതാവിന്റെ സഹോദരാണ് കെ.കെ മുഹമ്മദ്കുഞ്ഞി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."