കോപ്പയ്ക്ക് നാളെ കിക്കോഫ്
സാന്റ ക്ലാര: ഫുട്‌ബോളിന്റെ നൈസര്‍ഗിക സൗന്ദര്യവുമായി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ അമേരിക്കയില്‍ തുടക്കം കുറിക്കും. കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എ ടീമുകളായ ആതിഥേയരായ അമേരിക്കയും കൊളംബിയയും തമ്മിലാണ് മത്സരം. കോപ്പയുടെ 45ാം പതിപ്പാണ് അമേരിക്കയില്‍ നടക്കുന്നത്.
മികവു കാട്ടാന്‍ ആതിഥേയര്‍
യുര്‍ഗെന്‍ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്ക തുടര്‍ച്ചയായ നാലു ജയങ്ങള്‍ സ്വന്തമാക്കിയാണ് ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. ബൊളീവിയയെയും ഇക്വഡോറിനെയും വീഴ്ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍ ആ മത്സരങ്ങള്‍ക്ക് മുന്‍പ് കോച്ചടക്കമുള്ളവര്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പഴി കേട്ടവരായിരുന്നു. ഗ്വാട്ടിമലയോട് തോറ്റതിന് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടിയും വന്നു. എന്നാല്‍ തുടര്‍ ജയങ്ങളോടെ വിമര്‍ശകരുടെ വായടക്കാന്‍ കോച്ചിന് സാധിച്ചിട്ടുണ്ട്. ഗ്യാസി സാര്‍ഡെസ്, ക്രിസ്റ്റ്യന്‍ പുലിസിക് എന്നിവരാണ് ടീമിന് പ്രതീക്ഷയുള്ള താരങ്ങള്‍. സാര്‍ഡെസും പുലിസികും സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. കൊളംബിയക്കെതിരേ ഇരുവരുടെയും പ്രകടനം ടീമിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരിക്കും. മധ്യനിരയില്‍ ടീമിന് പരിചയ സമ്പത്തുള്ള മൈക്കല്‍ ബ്രാഡ്‌ലിയുടെ സേവനവുമാണ്ടാകും. ബ്രാഡ്‌ലിക്കൊപ്പം ക്ലിന്‍ഡ് ഡെംപ്‌സിയും കൂടി ചേരുന്നതോടെ എതിരാളികള്‍ക്ക് ഭീഷണിയുയര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിക്കും. കോച്ച് ക്ലിന്‍സ് മാനും ടീമിനെക്കുറിച്ച് ആത്മവിശ്വാസത്തിലാണ്. ടൂര്‍ണമെന്റില്‍ മുന്നേറാന്‍ ടീമിന് സാധിക്കും. അതിലുപരി ലോകോത്തര താരങ്ങളായ ലയണല്‍ മെസ്സി, സുവാരസ് എന്നിവര്‍ പന്തുതട്ടുന്ന ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുക എന്നതും അമേരിക്കയെ സംബന്ധിച്ച് മുതല്‍ക്കൂട്ടാണ്.
പെക്കര്‍മാന്‍ തന്ത്രങ്ങളുമായി കൊളംബിയ
അതേസമയം സൂപ്പര്‍ താരങ്ങളുടെ സംഘമാണ് കൊളംബിയയുടേത്. ജാക്‌സണ്‍ മാര്‍ട്ടിനസും ഫാല്‍ക്കാവോയും ടീമില്‍ കളിക്കുന്നില്ലെങ്കിലും നായകന്‍ ജെയിംസ് റോഡ്രിഗസിനും കാര്‍ലോസ് ബക്കയ്ക്കും ടീമിനെ മുന്നോട്ടു നയിക്കാനാവും. റയല്‍ മാഡ്രിഡില്‍ മോശം ഫോമില്‍ കളിക്കുന്ന റോഡ്രിഗസിന് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് ടൂര്‍ണമെന്റ്. അമേരിക്കയ്‌ക്കെതിരേ ജയം ഉറപ്പിച്ചാണ് കൊളംബിയ കളത്തിലിറങ്ങുന്നത്. നേരത്തെ ഇരുവരും തമ്മില്‍ മത്സരിച്ചപ്പോളെല്ലാം ജയം കൊളംബിയക്കൊപ്പമായിരുന്നു. ഇതും ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ അവസാന അഞ്ചു കോപ്പ മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് ടീമിന് നേടാനായത്. ജെയ്‌സന്‍ മുറില്ലോ, ക്വഡ്രാഡോ എന്നിവരുടെ സാന്നിധ്യവും ടീമിന് ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."