കുമ്പളയില്‍ തെങ്ങുകള്‍ നാശം നേരിടുന്നു
കുമ്പള: കുമ്പള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. തെങ്ങുകള്‍ മിക്കതും ഉണങ്ങുകയും തലയറ്റു പോവുകയുമാണ്. ഇത്തരത്തില്‍ തലയറ്റു പോകുന്ന തെങ്ങുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തെങ്ങോലയെ നശിപ്പിക്കുന്ന വെള്ളീച്ച ബാധയേറ്റ തെങ്ങുകളാണു തലയറ്റു നശിച്ചു കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു തെങ്ങു കര്‍ഷകരാണ് കുമ്പള പഞ്ചായത്തിലുള്ളത്. തെങ്ങുകളുടെ നാശം കര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മൊഗ്രാല്‍, പേരാല്‍, കൊടിയമ്മ, ബംബ്രാണ എന്നിവിടങ്ങളിലാണ് ഈ രീതിയില്‍ തെങ്ങിന്റെ തലയറ്റു പോകുന്ന രോഗം ബാധിച്ചിരിക്കുന്നത്. വേനല്‍ കടുത്തതോടു കൂടി തെങ്ങുകള്‍ക്ക് ആവശ്യത്തിനു വെള്ളം ലഭിക്കാത്തതു സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.
വെള്ളീച്ച പുഴുക്കളുടെ ആക്രമണത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നായിരുന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ നേരത്തെപറഞ്ഞിരുന്നത്. വെള്ളീച്ച ബാധിതയേറ്റ തെങ്ങുകള്‍ക്ക് ഈ സമയത്ത് നല്‍കേണ്ട രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചു ശരിയായ രീതിയില്‍ അവബോധം ലഭിക്കാത്തതാണ് ഇത്തരത്തില്‍ തെങ്ങുകള്‍ നശിക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
രണ്ടു വര്‍ഷമായി തേങ്ങയുടെ ഉല്‍പാദനം 50 ശതമാനത്തിലേറെ കുറഞ്ഞിരിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ഇതുവരേക്കും കര്‍ഷകര്‍ക്ക് ആവശ്യമായ രോഗപ്രതിരോധ മരുന്നുകളോ നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."