താരങ്ങളായി രാഹുല്‍മാര്‍
കൊല്‍ക്കത്ത: ബംഗാളിനെ കേരളം കീഴടക്കിയ പോരാട്ടാത്തിലെ ഹീറോകള്‍ രാഹുല്‍മാര്‍. കേരള ടീം നായകന്‍ രാഹുല്‍ വി. രാജും അണ്ടര്‍ 21 താരം കെ.പി രാഹുലുമാണ് ബംഗാളിനെ കീഴടക്കിയ വിജയത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നത്. പ്രതിരോധമധ്യ ആക്രമണ നിരകള്‍ ഒരു പോലെ തിളങ്ങിയ മത്സരത്തില്‍ ക്യാപ്ടന്‍ രാഹുല്‍ വി. രാജ് എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞു തന്നെയാണ് പ്രതിരോധനിരയെ നയിച്ചത്. ബംഗാള്‍ നിര പന്തുമായി കേരളത്തിന്റെ ബോക്‌സില്‍ പ്രവേശിക്കാതിരിക്കാന്‍ രാഹുല്‍ വി. രാജ് പരമാവധി അധ്വാനിച്ചു.
പിന്തുണയുമായി എസ് ലിജോയും ജി ശ്രീരാഗും വിബിന്‍ തോമസും പ്രതിരോധക്കോട്ട തകരാതിരിക്കാന്‍ കൈമെയ് മറന്നു കളിച്ചു. സാധാരണ മധ്യനിര ആക്രമണ നിരകള്‍ക്ക് പിന്തുണയുമായി മുന്നിലേക്ക് കയറി കളിക്കാറുള്ള രാഹുല്‍ വി. രാജ് ബംഗാളിന്റെ ശക്തി തിരിച്ചറിഞ്ഞാണ് കളിച്ചത്.
തന്റെ പൊസിഷനായ പ്രതിരോധത്തിന്റെ മധ്യനിര വിട്ടു മുന്നിലേക്ക് കയറാന്‍ ഒരിക്കലും തയ്യാറായില്ല. തോല്‍ക്കില്ലെന്ന് ഉറപ്പിച്ചു നായകന്‍ നയിച്ചതോടെ സഹതാരങ്ങളും ഉണര്‍ന്നു കളിച്ചു. ഗോളുകള്‍ വഴങ്ങരുത് ,ജയിക്കുക' പരിശീലകന്‍ സതീവന്‍ ബാലന്റെ നിര്‍ദേശം നാലാം സന്തോഷ് ട്രോഫിയില്‍ പന്തുതട്ടുന്ന രാഹുല്‍ വി. രാജ് കളിക്കളത്തില്‍ മുന്നില്‍ നിന്നു നടപ്പാക്കി.
തൃശൂര്‍ വാടാനപ്പള്ളി വൈലേപ്പള്ളി രാജേന്ദ്രന്‍ ഷീജ ദമ്പദികളുടെ ഏകപുത്രനായ രാഹുല്‍ വി. രാജ് തിരുവനന്തപുരം എസ്.ബി.ഐയില്‍ ക്ലര്‍ക്കാണ്.
കേരളത്തിന് വിജയത്തിലേക്ക് നയിച്ച കെ.പി രാഹുലിന് ആദ്യ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിലെ മൂന്നാമത്തെ ഗോളാണ്. കടുത്ത പ്രതിരോധം തീര്‍ത്ത ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് മത്സര ശേഷം കെ.പി രാഹുല്‍ പഞ്ഞു. വിങിലൂടെയുള്ള അറ്റാക്കിങ് നടത്താനുള്ള പരിശീലകന്റെ നിര്‍ദേശം കൃത്യമായി നടപ്പാക്കാനായത് വിജയത്തിന് വഴിയൊരുക്കി. കാലങ്ങള്‍ക്ക് ശേഷം ബംഗാളിനെ തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഗോകുലം എഫ്.സിയുടെ താരമായ കെ.പി രാഹുല്‍ പറഞ്ഞു.
കോട്ടയം ബസേലിയോസ് കോളജില്‍ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയാണ് രാഹുല്‍. കാസര്‍ഗോഡ് പീലിക്കോട് കോതപള്ളി പടിഞ്ഞാറേ വീട്ടില്‍ കെ.പി രമേശന്‍ തങ്കമണി ദമ്പതികളുടെ മകനാണ് കേരളത്തിന്റെ വിശ്വസ്ത മിഡ്ഫീല്‍ഡറായ കെ.പി രാഹുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."