ബംഗാളും കീഴടക്കി കേരളം സന്തോഷ് ട്രോഫി
ഇന്ത്യന്‍ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളുടെ പോരാട്ടത്തില്‍ ബംഗാളിനെ കീഴടക്കി കേരളം ഗ്രൂപ്പ് ചാംപ്യന്‍മാര്‍. 72-ാമത് സന്തോഷ് ട്രോഫിയുടെ പ്ലേ ഓഫ് നേരത്തെ തന്നെ ഉറപ്പിച്ച കേരളം 1-0 ന് ആണ് പശ്ചിമബംഗാളിനെ കീഴടക്കിയത്. പോരാട്ടത്തിന്റെ 90-ാം മിനുട്ടില്‍ കെ.പി രാഹുല്‍ ആണ് കേരളത്തിന്റെ വിജയം ഉറപ്പിച്ച ഗോള്‍ സമ്മാനിച്ചത്. മോഹന്‍ ബഗാന്‍ മൈതാനത്ത് നടന്ന പോരാട്ടത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലെ തോല്‍വി ബംഗാളി്‌ന് കനത്ത ആഘാതമായി.
എ ഗ്രൂപ്പിലെ നാല് മത്സരങ്ങളിലും വിജയം കുറിച്ചാണ് കേരളം സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് പോകുന്നത്. നാല് കളികളില്‍ നിന്നും 12 പോയിന്റ് നേടിയ കേരളം 15 ഗോളുകള്‍ എതിരാളികളുടെ വലയില്‍ വീഴ്ത്തിയപ്പോള്‍ തിരികെ വാങ്ങിയത് ഒരെണ്ണം മാത്രമാണ്. മൂന്ന് വിജയവും ഒരു തോല്‍വിയുമായി പശ്ചിമ ബംഗാള്‍ ഒന്‍പത് പോയിന്റുമായി സെമി ഫൈനലില്‍ എത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര 7-2 ന് മണിപ്പൂരിനെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി. സെമി ബര്‍ത്ത് നേടാന്‍ പോരാട്ടം ശക്തമായി നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് കേരളത്തിന്റെ പ്ലേ ഓഫ് എതിരാളികള്‍. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മിസോറാമും കര്‍ണാടകയും പഞ്ചാബും ഗോവയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നത്തെ മത്സരം പൂര്‍ത്തിയായാല്‍ മാത്രമേ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരാണെന്നറിയൂ.
പ്രതിരോധം പയറ്റി തുടക്കം
കേരളം - ബംഗാള്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ തുല്യശക്തികള്‍ തമ്മില്‍ പ്രതിരോധ മുറയാണ് പയറ്റിയത്. ബംഗാളിന്റെ കിക്കോടെയായിരുന്നു തുടക്കം. അഞ്ചാം മിനുട്ടില്‍ തന്നെ കേരളത്തിന്റെ ഗോള്‍മുഖത്തേക്ക് ആക്രമണ ശ്രമവുമായി ബംഗാള്‍ പട പാഞ്ഞെത്തി. രാജോന്‍ ബര്‍മാന്റെ ഷോട്ട് അപകടം വിതയ്ക്കാതെ പുറത്തേക്ക്. തൊട്ടടുത്ത നിമിഷത്തില്‍ ലഭിച്ച ത്രോ മുതലാക്കാന്‍ ബംഗാള്‍ ശ്രമം നടത്തി. ബിദ്യാ സാഗര്‍ സിങിന്റെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പാഞ്ഞു. അടിക്കു തിരിച്ചടി എന്നതായി കേരള സ്‌റ്റൈല്‍. ഇതോടെ പോരാട്ടം കനത്തു. ഒന്‍പതാം മിനുട്ടില്‍ പന്തുമായി മുന്നേറിയ വി.കെ അഫ്ദല്‍ നല്‍കിയ ക്രോസ് മുതലാക്കാന്‍ കെ.പി രാഹുലിന് കഴിഞ്ഞില്ല. 12,15,17,19 മിനുട്ടുകളില്‍ ബംഗാള്‍ ഗോള്‍ മുഖത്ത് കേരളം ആക്രമണത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു. ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ബംഗാള്‍ പ്രതിരോധം തകര്‍ത്തു. പ്രതിരോധം ശക്തമാക്കി ഇരു ടീമുകളും ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. 33-ാം മിനുട്ടില്‍ ബംഗാളിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ബിദ്യാസാഗര്‍ സിങ് നല്‍കിയ ക്രോസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുജയ ദത്ത പുറത്തേക്കടിച്ചു. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചു കളിക്കുന്നതില്‍ വിജയിച്ച ബംഗാളിന് പ്രതിരോധത്തിലെ കരുത്തനും നായകനുമായ അങ്കിത് മുഖര്‍ജിയുടെ പ്രകടനം തുണയായി. ബംഗാള്‍ മിഡ്ഫീല്‍ഡ് താരം സുജയ് ദത്ത പന്ത് നിയന്ത്രിച്ച് ആക്രമണ നിരക്ക് കൈമാറുന്നതില്‍ മുന്നില്‍ നിന്നു. 41-ാം മിനുട്ടില്‍ ബിദ്യാസാഗര്‍ വലത് വശത്തു നിന്ന് കേരള ഗോള്‍ മുഖത്തേക്ക് നല്‍കിയ ക്രോസ് കൂട്ടപ്പൊരിച്ചിലിനിടെ പ്രതിരോധം രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ മൂന്ന് മിനുട്ട് അധിക സമയത്തും ഇരു ടീമുകളും ഗോളിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. നായകന്‍ രാഹുല്‍ വി. രാജ് നയിച്ച പ്രതിരോധവും മധ്യനിരയും ആക്രമണ നിരയും ഒരു പോലെ കൈകോര്‍ത്തത് കേരളത്തിന് രക്ഷയായി. സ്‌കോര്‍ : കേരളം 0 ബംഗാള്‍ 0.
വിജയത്തിന്റെ ആക്രമണ തന്ത്രം
ആദ്യ പകുതിയില്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയതെങ്കില്‍ രണ്ടാം പകുതിയില്‍ ആക്രമണത്തിന്റേതാക്കി കേരളം. പി.സി അനുരാഗിനെ പിന്‍വലിച്ചു വി.എസ് ശ്രീക്കുട്ടനെയും ബി.എല്‍ ശംനാസിനെ തിരികെ വിളിച്ചു മുഹമ്മദ് പാറേക്കാട്ടിലിനെയും പരിശീലകന്‍ സതീവന്‍ ബാലന്‍ രംഗത്തിറക്കി. ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ മുഹമ്മദ് പാറേക്കാട്ടില്‍ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു.
ആക്രമണത്തിന്റെ കെട്ടഴിച്ചു വിട്ട കേരള താരങ്ങള്‍ കളിയുടെ നിയന്ത്രണം കൈപിടിയിലാക്കി. നിരന്തരം ബംഗാള്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറ്റം. 55-ാം മിനുട്ടില്‍ ഒറ്റയ്ക്ക് പന്തുമായി ഇടത് പാര്‍ശ്വത്തിലൂടെ മുന്നേറിയ എം.എസ് ജിതിന്റെ ഗോളെന്ന് ഉറപ്പിച്ച നീക്കം ഗോളി രഞ്ജിത് മജുംദാര്‍ കോര്‍ണര്‍ വഴങ്ങി തടഞ്ഞു. തൊട്ടുപിന്നാലെ മൂന്ന് കോര്‍ണറുകള്‍ ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. 68-ാം മിനുട്ടില്‍ സീസണ്‍ നല്‍കിയ പന്തുമായി കുതിച്ചു ജിതിനും അഫ്ദലും കെ.പി രാഹുലും നടത്തിയ നീക്കം ബംഗാള്‍ ഗോള്‍ മുഖത്ത് തകര്‍ന്നു. കുറിയ പാസുകളും ലോങ് ബോളുകളുമായി ഇരു വിങുകളിലൂടെയും കേരളം ആക്രമണം ശക്തമാക്കിയതോടെ ബംഗാള്‍ പ്രതിരോധം ആടിയുലഞ്ഞു.
വീണു കിട്ടുന്ന അവസരങ്ങളില്‍ ലോങ് ബോള്‍ കളിച്ചു തിരിച്ചടിക്കാന്‍ ബംഗാള്‍ ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം ബോക്‌സിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. 75 ാം മിനുട്ടില്‍ കേരളത്തിന് ഗോള്‍ നേടാനുള്ള മികച്ച അവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ചു. എം.എസ് ജിതിന്‍ ഇടത് പാര്‍ശ്വത്തിലൂടെ പന്തുമായി മുന്നേറി ഉയര്‍ത്തി നല്‍കിയ ക്രോസ് വി.കെ അഫ്ദല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പാഴാക്കി. ഗോള്‍ പോസ്റ്റിന്റെ തൊട്ടുമുന്നില്‍ പന്തിനായി ഉയര്‍ന്നു ചാടി അഫ്ദല്‍ ഗോളിയുമായി കൂട്ടിയിടിച്ച് വീണു. 81-ാം മിനുട്ടില്‍ ബംഗാള്‍ ഗോള്‍ എന്നുറപ്പിച്ച മികച്ച മുന്നേറ്റം നടത്തി. വലത് പാര്‍ശ്വത്തിലൂടെ ബോളുമായി മുന്നേറിയ ബിദ്യാസാഗര്‍ സിങിനെ പ്രതിരോധിക്കാന്‍ ഗോളി എസ് ഹജ്മല്‍ മുന്നിലേക്ക് ഓടിക്കയറിയെങ്കിലും വീണു പോയി. പന്തു ഗോള്‍ വലയിലേക്ക് തട്ടിയിടാന്‍ ബിദ്യാസാഗറിന്റെ ശ്രമം.
വീണിടത്തു നിന്നും ചാടി എഴുന്നേറ്റ ഹജ്മല്‍ പന്ത് പുറത്തേക്ക് തട്ടിക്കളഞ്ഞു കേരളത്തെ രക്ഷിച്ചു. കേരള ക്യാംപില്‍ ആശ്വാസത്തിന്റെ നിമിഷങ്ങള്‍. കളി അവസാന പതിനഞ്ച് മിനുട്ടിലേക്ക് കടന്നതോടെ ബംഗാള്‍ തോല്‍വി വഴങ്ങാതെ സമനില പിടിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റി. കൂടുതല്‍ സമയവും സ്വന്തം പകുതിയില്‍ തന്നെ പന്ത് പിടിച്ചു നിര്‍ത്താന്‍ ശ്രമം. ഇതോടെ പോരാട്ടത്തിന്റെ ആവേശം നിലച്ചു. കേരളമാവട്ടെ തിരിച്ചടിക്കു കോപ്പുക്കൂട്ടി. 88-ാം മിനുട്ടില്‍ എസ് സീസണ്‍ കൈമാറിയ പന്തുമായി മുന്നേറിയ കെ.പി ജിതിന്‍ നല്‍കിയ ക്രോസ് മുതലാക്കാന്‍ അഫ്ദലിനായില്ല.
ഗാലറിയില്‍ പിന്തുണയുമായി എത്തിയ കാണികള്‍ക്ക് മുന്നില്‍ കേരളത്തെ സമനിലയില്‍ തളച്ചു പോരാട്ടം അവസാനിപ്പിക്കാനായിരുന്നു ബംഗാള്‍ ലക്ഷ്യമിട്ടത്. അതിനായി കളിയുടെ അവസാന നിമിഷങ്ങളില്‍ സ്വന്തം പകുതിയില്‍ പന്തു നിര്‍ത്തി കളിച്ചു തുടങ്ങി. വംഗദേശത്തിന്റെ ഈ നീക്കം അവരുടെ തോല്‍വിക്കാണ് വഴിയൊരുക്കിയത്. 90 ാം മിനുട്ടില്‍ മുഹമ്മദ് പാറേക്കാട്ടില്‍ ഉയര്‍ത്തി നല്‍കിയ പന്ത് പിടിച്ചെടുത്ത് ബംഗാള്‍ ഗോള്‍മുഖത്തേക്ക് എം.എസ് ജിതിന്റെ മുന്നേറ്റം.
പ്രതിരോധനിരയെ കബളിപ്പിച്ച് വലത് വശത്ത് ബോക്‌സിന് തൊട്ടുമുന്നില്‍ വെച്ച് പന്ത് കെ.പി രാഹുലിന് ക്രോസ് ചെയ്തു. പന്ത് പിടിച്ചെടുത്ത് ബംഗാള്‍ വലയിലേക്ക് രാഹുല്‍ നിറയൊഴിക്കുമ്പോള്‍ ഗോളിക്ക് കാഴ്ചക്കാരാനാവാനേ കഴിഞ്ഞുള്ളു. സ്‌കോര്‍: കേരളം 1 ബംഗാള്‍. 0. ബംഗാളിനായി കൈയടിച്ചിരുന്ന കാണിക്കൂട്ടം നിശബ്ദരായി. കളി ഇഞ്ച്വറി ടൈമിലേക്ക്.
അധിക സമയത്ത് തിരിച്ചടിക്കാന്‍ ബംഗാള്‍ പരിശ്രമിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കേരളത്തിന്റെ വിജയത്തെ തടഞ്ഞു നിര്‍ത്താന്‍ വംഗദേശത്തെ പോരാളികള്‍ക്കായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."