ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസ് നാടിനു സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 82,601 കോടിയുടെ പൊതുമരാമത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
ഏഴു കോടിയോളം ചെലവില്‍ നിര്‍മിച്ച ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനമാണ് അജണ്ട. പ്രതിപക്ഷം, ഭരണപക്ഷം എന്ന യാതൊരു വിവേചനവും മണ്ഡലങ്ങളോട് ഇല്ല. എല്ലാ മണ്ഡലങ്ങള്‍ക്കും തുല്യമായി മരാമത്ത് ഫണ്ട് വീതിക്കുന്ന സമ്പ്രദായം വന്നു.
കാസര്‍ഗോഡ്പൂവാര്‍ തീരദേശപാതയ്ക്ക് 6500 കോടി രൂപയാണ് വിനിയോഗിക്കുക. കാസര്‍ഗോഡ്കളിയിക്കാവിള മലയോരഹൈവേയ്ക്ക് 3500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 59 ബൈപാസുകള്‍ നിര്‍മിക്കുന്നു. 40 റെയില്‍വേമേല്‍പ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു.
17 ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിലുണ്ട്. മൂന്നെണ്ണം നിര്‍മിച്ചു. 30,000 കോടി രൂപ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 600 കിലോമീറ്റര്‍ ദേശീയപാത നാലുവരിയായി നവീകരിക്കുന്നു. സാമൂഹിക പ്രത്യാഘാതം കുറച്ചാണ് നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുക. പാരിസ്ഥിതികസാമൂഹിക ആഘാത പഠനത്തിന് ചിലപ്പോള്‍ ഒരു വര്‍ഷംവരെയൊക്കെ സമയമെടുക്കും.
എന്‍ജിനീയറിങ്ങിന്റെ കലാസൗന്ദര്യാത്മകത നിര്‍മാണരംഗത്തുനിന്ന് പൂര്‍ണമായി അപ്രത്യക്ഷമായി. ഇത് തിരികെകൊണ്ടുവരുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ കുഴപ്പം കൊണ്ടല്ല രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടി സമ്മര്‍ദം കൊണ്ടാണ് ഇത് സംഭവിച്ചത്.
സ്വതന്ത്രമായും നിര്‍ഭയമായും നല്ലതുപോലെ മരാമത്ത് ജോലികള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യം ഒരുക്കി മേഖലയില്‍ വലിയമാറ്റമുണ്ടാക്കി. ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലത്തിന് അഞ്ചു കോടി രൂപയുടെ അനുമതി നല്‍കിക്കഴിഞ്ഞു. 1.27 ഏക്കര്‍ സ്ഥലം 770 മീറ്റര്‍ നീളത്തില്‍ ഏറ്റെടുക്കാന്‍ പണം നല്‍കി. 88 ഉടമകളില്‍ 39 പേര്‍ സ്ഥലംവിട്ടുനല്‍കി. 20 പേര്‍ക്ക് 2.64 കോടി രൂപ നല്‍കിക്കഴിഞ്ഞു. സ്ഥലം കിട്ടിയാലുടന്‍ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഡെപ്യൂട്ടി സ്പീക്കറുടെ മണ്ഡലത്തില്‍ 120 കോടി രൂപ 11 മാസത്തിനിടെ വികസനത്തിന് നല്‍കിയിട്ടുണ്ട്. അനശ്വര നടന്‍ പ്രേംനസീറിന്റെ പേര് ബൈപാസിന് നല്‍കണമെന്ന ആവശ്യം പരിഗണിക്കും.
അന്യായമായി സ്ഥലം ഏറ്റെടുക്കുന്നില്ല. കേന്ദ്രം 84,000 കിലോമീറ്റര്‍ ഭാരത്മാലാ റോഡ് ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നു. 1100 കിലോമീറ്റര്‍ കേരളത്തിനും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ എം.എല്‍.എ.മാരായ ആനത്തലവട്ടം ആനന്ദന്‍, ടി. ശരത്ചന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."