നേന്ത്രവാഴ കൃഷി: നൂറുമേനി കൊയ്ത് കഠിനംകുളം പഞ്ചായത്ത് ചരിത്രം കുറിക്കുന്നു
കഠിനംകുളം: വെല്ലുവിളികള്‍ അതിജീവിച്ച് തീരദേശത്ത് നേന്ത്രവാഴ കൃഷിയില്‍ നൂറുമേനി വിളയിച്ച് കഠിനംകുളം ഗ്രാമപഞ്ചായത്ത് ചരിത്രം കുറിക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാട്ട വ്യവസ്ഥയിലാണ് തരിശ് ഭൂമിയില്‍ നേന്ത്രവാഴകൃഷി നടത്തിയത്. കടലും കായലും ചുറ്റാകെയുള്ള ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട 23 വാര്‍ഡ് കളിലാണ് എല്ലാവര്‍ക്കും മാതൃകയായി വാഴ കൃഷിയില്‍ വിജയം കൈവരിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട 700 റോളം സ്ത്രീ തൊഴിലാളികളും പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പിന്റെയും കൂട്ടായ്മയാണ് ഈ വിജയം കൈവരിച്ചത്.
ജൈവവള പ്രയോഗത്തിലുടെ വിഷരഹിതമായ നേന്ത്രപ്പഴം ലഭ്യമാക്കുന്നതിന് ഒന്നരലക്ഷം നേന്ത്രവാഴകളാണ് 23 വാര്‍ഡുകളിലായി പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്തിട്ടുള്ളത്.
ഇതില്‍ കൂടുതലും കടലിനോട് അടുത്ത പ്രദേശത്താണ്. 2016 ല്‍ പാട്ടകൃഷിക്ക് തുടക്കം കുറിച്ചു എങ്കിലും 2017 - 18 ലാണ് വ്യവസായ അടിസ്ഥാനത്തില്‍ ഈ സംരംഭം കാര്യക്ഷമമാക്കിയത്.
10 ന് മേല്‍ അംഗങ്ങളുള്ള സംഘങ്ങളായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷി പരിപാലനം നടത്തുന്നത്. ഇതിലുടെ ഓരോ തൊഴിലാളിക്കും നൂറു തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കുന്നതായി കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി കോഡിനേറ്റര്‍ രാമചന്ദ്രന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു.ഭൂ ഉടമക്ക് വിളവിന്റെ 20 ശതമാനം വരുമാനം ഉറപ്പ് നല്‍കി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് പാട്ട വ്യവസ്ഥ പ്രകാരം കൃഷി ചെയ്യുന്നത്.
സംസ്ഥാനത്തെ മറ്റു ഗ്രാമപഞ്ചായത്ത്കള്‍ക്ക് മാതൃകയാവുന്ന രീതിയില്‍ തീര ദേശത്തെ മണലോര മേഖലയില്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന് തുടക്കം കുറിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളും ഇതിന് നേതൃത്വം നല്‍കുന്ന ഭരണ സമിതി അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."