നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്ര മോഷണം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
ചവറ: നീണ്ടകര കണ്ണാട്ടുകുടി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിലെ കുപ്രസിദ്ധ കുറ്റവാളി ചവറ പൊലിസിന്റെ പിടിയിലായി. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് 11ാം ദിവസം പ്രതിയെ പിടികൂടുന്നത്.
തെക്കുംഭാഗം നടുവത്തുചേരി മുരിങ്ങ വിളയില്‍ പരാതി കുട്ടപ്പന്‍ എന്നറിയപ്പെടുന്ന മധു കുട്ടനാ (46) ണ് കരുനാഗപ്പള്ളി ആലപ്പാട് വച്ച് കഴിഞ്ഞ ദിവസം പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 14ന് പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്.
ശ്രീകോവില്‍ തകര്‍ത്ത് നാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍, ദേവിയുടെ ഉടവാള്‍, കാണിക്കവഞ്ചി തകര്‍ത്ത് പണം എന്നിവ കവര്‍ന്നിരുന്നു. രസീത് കൗണ്ടര്‍ തകര്‍ത്ത് അകത്തു കടന്ന ശേഷം കംപ്യുട്ടറുകള്‍ നശിപ്പിച്ചു.
പുലര്‍ച്ചെ 1.15 മുതല്‍ 3.40 വരെ മോഷ്ടാവ് ക്ഷേത്ര പരിസരത്തുള്ളതായി ക്ഷേത്രത്തിലെ സുരക്ഷാ കാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായമായത്.
ക്ഷേത്ര മോഷണങ്ങളടക്കം നിരവധി കവര്‍ച്ച കേസുകളിലെ സ്ഥിരം കുറ്റവാളിയാണ് പിടിയിലായ പ്രതിയെന്ന് പൊലിസ് പറഞ്ഞു. മോഷണക്കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജനുവരിയിലാണ് പുറത്തിറങ്ങിയത്.
തെക്കുംഭാഗത്താണ് വീടെങ്കിലും കേസുകള്‍ കാരണം ഇയാളെ വീട്ടില്‍ കയറ്റാറില്ല. കാവനാട് പൂവന്‍ പുഴയിലെ ഒരു സാമില്ലിലാണ് ഇയാള്‍ തങ്ങുന്നത്.
നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ ബോട്ടുകളില്‍ സഹായിയായും പോകാറുണ്ട്. സംഭവ ദിവസം അമിതമായി മദ്യപിച്ച ശേഷമാണ് ഇയാള്‍ മോഷണത്തിനെത്തിയത്.
പിന്നാമ്പുറത്തെ മതില്‍ ചാടിക്കടന്ന ശേഷം കൈവശമുണ്ടായിരുന്ന കോടാലി കൊണ്ടാണ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്തതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് മധു ഒരു ബാറില്‍ കയറി മദ്യപിച്ചിരുന്നു. പണം അധികം നല്‍കിയതിനൊപ്പം, ബാറിലെ ചിലരുടെ ബില്ലും ഇയാളാണ് നല്‍കിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ആരോ പകര്‍ത്തിയത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഫോണിലെയും സുരക്ഷാ കാമറയിലെയും ദൃശ്യങ്ങള്‍ ഒരാളുടെതാണന്ന് കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലായത്.
ചവറ സി.ഐ ഗോപകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ ജയകുമാര്‍, എ.എസ്.ഐ ആന്റണി, എസ്.സി.പി.ഒമാരായ ഹരിജിത്ത്, സലീം, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മധുവിനെ തെളിവെടുപ്പിനായി കണ്ണാട്ടുകുടി ക്ഷേത്രത്തില്‍ കൊണ്ടു വന്നിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."