കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധ സസ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കുടുംബശ്രീയുമായി സഹകരിച്ച് വീടുകളില്‍ ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി.
അമിതമായ രാസവള പ്രയോഗം കാരണം നാട്ടിലാകെ സുപരിചിതമായിരുന്ന ഔഷധ സസ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. അവ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുട്ടത്തറയിലെ ഔഷധിയുടെ പുതിയ ഔഷധ നിര്‍മ്മാണ യൂനിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്ന ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം. ഒരുകാലത്ത് സുലഭമായി ലഭ്യമായിരുന്ന ഔഷധ സസ്യങ്ങളാണ് കേരളത്തെ ആയുര്‍വേദ രംഗത്ത് മുന്നിലെത്തിച്ചത്.
എന്നാല്‍ ഈ രംഗത്തെ ചില കുറവുകള്‍ കാണാതിരിക്കരുത്. ഔഷധ സസ്യങ്ങളുടേയും മറ്റു ചില ഘടകങ്ങളുടേയും കുറവുണ്ടായി. ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നിന് എല്ലാ ചേരുവകളും ആവശ്യമാണ്. രാജ്യത്താകമാനം വ്യാപിച്ച പ്രത്യേകതരം വ്യാപാര ശൈലി ആയുര്‍വേദത്തേയും ബാധിച്ചു. പലരുടേയും ആയുര്‍വേദ മരുന്നുകള്‍ക്ക് ആവശ്യമായ ചേരുവകള്‍ ഇല്ലാത്തതു കാരണം ഉദ്ദിഷ്ഠ ഫലം ലഭിക്കുന്നില്ല.
ഇക്കാര്യത്തില്‍ ഔഷധി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇത് ഔഷധിയുടെ വളര്‍ച്ചാഘട്ടമാണ്. ഔഷധിയുടെ ഉല്‍പന്നങ്ങള്‍ മതിയാകാതെ വരുന്നത് കൊണ്ടാണ് പുതുതായി ഒരു ഔഷധ നിര്‍മാണ യൂനിറ്റ് കൂടി തുടങ്ങാന്‍ കാരണം.10 സുപ്രധാന മരുന്നുകളാണ് ഈ യൂനിറ്റില്‍ നിര്‍മിക്കുന്നത്. ആയുര്‍വേദത്തെ ശക്തിപ്പെടുത്താന്‍ ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."