കല്ലാര്‍ ഗവ. എല്‍.പി സ്‌കൂളിലെ ഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട്
തെടുപുഴ: കല്ലാര്‍ ഗവ. എല്‍.പി സ്‌കൂളിലെ ഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നെന്നു തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുരുന്നുകള്‍ക്ക് വാങ്ങിയ പാലില്‍ അളവ് കുറച്ച് പതിനായിരക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കണക്കുകളാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നിരിക്കുന്നത്.
2016-17, 2017-18 അധ്യയന വര്‍ഷത്തെ ഭക്ഷണ വിതരണത്തില്‍, പാല്‍ വാങ്ങിയ കണക്ക്, സ്‌കൂളില്‍ നിന്നും പാല്‍ നല്‍കിയ അളവ് എന്നിവ മുണ്ടിയെരുമ പട്ടംകോളനി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നിന്നുമാണ് ലഭ്യമായത്. 2017 ജൂണ്‍ ഒന്നിന് 30 ലിറ്റര്‍ പാല്‍ 1260 രൂപ നിരക്കില്‍ സ്‌കൂളിലേക്ക് വാങ്ങിയതായി സംഘത്തിന്റെ കണക്കില്‍ പറയുന്നു. എന്നാല്‍, അതേദിവസം, 396 കുട്ടികള്‍ക്കായി 2100 രൂപയ്ക്ക് 50 ലിറ്റര്‍ പാല്‍ വാങ്ങിയെന്ന് സ്‌കൂളിലെ കണക്കും കാണിക്കുന്നു. ഒറ്റദിവസത്തെ പാല്‍ ഇടപാടില്‍ മാത്രം നടന്നിട്ടുള്ളത് 840 രൂപയുടെ തിരിമറി. അതുപോലെ അതേമാസം ആറാം തിയതി സംഘത്തില്‍ നിന്ന് വാങ്ങിയിരിക്കുന്നത് 756 രൂപയ്ക്ക് 18 ലിറ്റര്‍ പാല്‍. സ്‌കൂള്‍ രേഖയില്‍ അന്നും 2100 രൂപയ്ക്ക് 50 ലിറ്റര്‍ പാല്‍ തന്നെ. ആവിയായ തുക 1344 രൂപ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘത്തില്‍ നിന്ന് വാങ്ങിയിരിക്കുന്ന പാല്‍ യഥാക്രമം 28, 20, 30, 35 32, 33 എന്നീ ലിറ്റര്‍ പ്രകാരമാണ്. എന്നാല്‍, സ്‌കൂള്‍ രേഖയില്‍ ഇത് 50, 55 ലിറ്ററും ആണ്. വിവരാവകാശ പ്രകാരമുള്ള മേല്‍ കണക്ക് അനുസരിച്ച് സ്‌കൂളിലേക്ക് കുട്ടികള്‍ക്കായി പാല്‍ വാങ്ങിയതില്‍ പതിനായിരക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. ക്ഷീര സംഘത്തിനു വേണ്ടി സെക്രട്ടറിയും സ്‌കൂള്‍ രേഖകളില്‍ ഹെഡ്മിസ്ട്രസ്സുമാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം, കല്ലാര്‍ എല്‍പി സ്‌കൂളിലേക്ക് പാല്‍ വാങ്ങിയ ഇനത്തില്‍ മാത്രം പതിനായിരത്തില്‍ അധികം രൂപയുടെ ക്രമക്കേട് നടന്നതായി സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ റോയി ചാക്കോ, എസ്.എം.സി അംഗം ലിജു സുരേന്ദ്രന്‍, മുന്‍ എം.പി.ടി.എ പ്രസിഡന്റ് ടി.കെ വിജയമ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2017 സെപ്തംബറില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും എ.ഇ.ഒ യുടെ ഓഫിസില്‍ നിന്നുള്ള പരിശോധനയില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും റോയി പറയുന്നു. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ ഇടുക്കി ഡി.ഡി.ഇ.എ അബൂബക്കറിനെ നേരില്‍ക്കണ്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്നും റോയി ആരോപിച്ചു.
അതേസമയം, സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ അധികാരികളും നടത്തിപ്പ് സമിതിയിലെ ചിലരും തമ്മില്‍ നാളുകളായി വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി പറയുന്നു. ഇതിനിടെയുണ്ടായ വിഴുപ്പലക്കലാണ് അഴിമതി ആരോപണമായും മറ്റും പുറത്തുവരുന്നതെന്നും ആക്ഷേപമുണ്ട്. എസ്.എം.സി ചെയര്‍മാനായ റോയി അടക്കമുള്ളവര്‍ പാസാക്കിയ ബില്ലാണ് ഇപ്പോള്‍ അഴിമതി ആരോപണമായി ഉയര്‍ത്തിക്കാണിക്കുന്നതെന്നും വ്യക്തിതാല്‍പ്പര്യം സംരക്ഷിക്കാന്‍ നിന്നുകൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെന്നുമാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ വിശദീകരണം.
ആരോപണം അടിസ്ഥാനരഹിതം: എസ്.എം.സി എക്‌സിക്യൂട്ടീവ്
മുണ്ടിയെരുമ: കുട്ടികള്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കല്ലാര്‍ എല്‍പി സ്‌കൂള്‍ എസ്.എം.സി എക്‌സിക്യൂട്ടീവും ഹെഡ്മിസ്ട്രസ്സും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിശദീകരണം: എസ്.എം സി ചെയര്‍മാന് താല്‍പര്യമുള്ള അര്‍ഹതയില്ലാത്ത ചിലരെ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപക നിയമനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. താല്‍പര്യമുള്ള താല്‍ക്കാലിക അധ്യാപകനെ സ്ഥിരം അധ്യാപകന്‍ വന്നപ്പോള്‍ പിരിച്ചുവിട്ടിരുന്നു. സ്‌കൂള്‍ ബസില്‍ വന്നുകൊണ്ടിരുന്ന എസ്.എം.സി ചെയര്‍മാന്റെ രണ്ട് കുട്ടികളുടെ ഒരു വര്‍ഷത്തെ കുടിശിഖയായ ബസ് ഫീസ് ചോദിച്ചിരുന്നു. ഈ സ്‌കൂളിലെ അറബിക് അധ്യാപകന്‍ നവമാധ്യമങ്ങളിലൂടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹത്തെ ഉപജില്ലാതലത്തിലും വുദ്യാഭ്യാസ ജില്ലാതലത്തിലും അന്വേഷണം നടത്തിസ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു.
ഇതെല്ലാമാണ് സ്‌കൂളിനെതിരേ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. എസ്.എം.സി ചെയര്‍മാന്‍ നവമാധ്യമങ്ങളിലൂടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുകയും എസ്.എം.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട ഉച്ചഭക്ഷണ കണക്കുകള്‍ ഉള്‍പ്പെടെ എല്ലാ കണക്കുകളും മാസം തോറും സബ്കമ്മറ്റികൂടി കണക്ക് പരിശോധിക്കുകയും എസ്.എം.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കുകയും പൊതുയോഗത്തില്‍ പാസാക്കിയിട്ടുള്ളതുമാണ്.
സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി അഡ്മിഷന്‍ കുറയ്ക്കാനും പൊതുവിദ്യാലയത്തെ നശിപ്പിക്കാനുമാണ് എസ്.എം.സി ചെയര്‍മാന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."