പൊലിസുകാരുടെ പീഡനം: യുവാവ് ആത്മഹത്യാ ഭീഷണിയുമായി അഞ്ചു മണിക്കൂര്‍ മൊബൈല്‍ ടവറില്‍
ചങ്ങനാശ്ശേരി: പൊലിസ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനം ആരോപിച്ച് യുവാവ് ബി.എസ്.എന്‍.എല്‍. മൊബൈല്‍ ടവ്വറിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി. മാന്താനം കുന്നുംപുറത്ത് വീട്ടില്‍ ബിനീഷ്(32) ആണ് പൊലീസിനെയും നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും അഞ്ചു മണിക്കൂര്‍ ടവറിനു മേല്‍ കയറി മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്നലെ രാവിലെ 11.30 നാണ് ഇയാള്‍ വേഴയ്ക്കാട്ടുചിറ ബസ്സ് സ്റ്റാന്റിന് സമീപത്തുള്ള ബഹുനിലകെട്ടിടത്തിലെ ബി.എസ്.എന്‍.എല്‍. ടവ്വറില്‍ കയറിയത്. ഇയാള്‍ ടവ്വറിലേക്കു കയറിയപ്പോള്‍ സമീപത്തുണ്ടായിരുന്ന വര്‍ക്‌ഷോപ്പ് ജീവനക്കാരെ കൈകൊട്ടി വിളിച്ചു. പക്ഷെ ടവ്വറില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കയറുന്ന ജീവനക്കാരനാണെന്നാണ് അവര്‍ കരുതിയത്. 12.30ന് ബിനീഷ് തന്റെ മൊബൈലില്‍ നിന്നും ഫയര്‍ഫോഴ്‌സില്‍ വിളിച്ച് താന്‍ മധുമൂല വേഴയ്ക്കാട്ടുചിറയിലുള്ള ടവ്വറിന്റെ മുകളില്‍ കയറിയതായും തിരുവല്ല പൊലിസിന്റെ പീഡനം സഹിക്കവയ്യാതെയാണ് ടവ്വറില്‍ കയറിയതെന്നും പറഞ്ഞു. ഉടന്‍ ഫയര്‍ഫോഴ്‌സ് ചങ്ങനാശ്ശേി പൊലിസില്‍ വിവരം അറിയിച്ചു. പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി നിരവധി തവണ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. ഇതിനിടെ യുവാവ് തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ പൊലിസുകാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കള്ളക്കേസെടുക്കകയും ചെയ്തതായും അതിനാല്‍ തിരുവല്ല സി.ഐ എത്തിയാല്‍ മാത്രമേ ടവ്വറില്‍ നിന്നിറങ്ങുകയുള്ളു എന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടയില്‍ നഗരത്തിലെ അഭിഭാഷകനായ മാധവന്‍പിള്ള എത്തി ബിനീഷുമായി ഫോണില്‍ സംസാരിച്ചു. എങ്കിലും ബിനീഷ് ഇറങ്ങാന്‍ തയ്യാറായില്ല. വീണ്ടും ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് നാലിന് ഇയാള്‍ തനിയെ ഇറങ്ങി വന്നു. താന്‍ സ്‌നേഹിക്കുന്ന യുവതിയെ തിരുവല്ല പൊലിസ് കള്ളക്കേസില്‍ കുടുക്കിയെന്നും ഈ സ്റ്റേഷനിലെ ഒരു പൊലിസുകാരന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പൊലിസിനെ ചൊടിപ്പിച്ചതെന്നും ബിനീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."