സംസം കിണര്‍ നവീകരണം പദ്ധതി പൂര്‍ത്തിയായി: മത്വാഫ് പൂര്‍ണമായും തുറന്നു
ജിദ്ദ: മസ്ജിദുല്‍ ഹറമില്‍ കഅബാ ശരീഫിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സംസം കിണര്‍, ജലവിതരണ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം ഒക്ടോബര്‍ 21ന് ആരംഭിച്ച സംസം നവീകരണ ജോലികള്‍ റമദാന്‍ തുടങ്ങുന്നതിനു മുമ്പായി തീര്‍ക്കുമെന്ന് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.
ഹറമിലെ സംസം ജോലിയുടെ പശ്ചാത്തലത്തില്‍ കഅബാ പ്രദക്ഷിണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രദക്ഷിണ വലയത്തിലേക്ക് പ്രവേശനം. പൊതുവെയുള്ള പ്രദക്ഷിണം മേല്‍ത്തട്ടിലൂടെ മാത്രമായിരുന്നു. ജോലികള്‍ പൂര്‍ത്തിയായതിനാല്‍ പ്രദക്ഷിണ വലയം (മത്വാഫ്) നിയന്ത്രണം നീക്കി വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു.
രണ്ടു ഘട്ടങ്ങളായാണു നവീകരണം പൂര്‍ത്തിയാക്കിയത്. പ്രദക്ഷിണ വലയത്തിന്റെ കിഴക്കു ഭാഗത്തു സംസം കിണറിലേക്ക് അഞ്ചു സര്‍വീസ് ക്രോസിങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവ 8 മീറ്റര്‍ നീളവും 120 മീറ്റര്‍ വീതിയുമുള്ള ക്രോസിങ്ങുകളാണ്. മുമ്പ് നടന്നിരുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസം കിണറിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ ചീളുകളും മറ്റു നിര്‍മാണ അവശിഷ്ടങ്ങളും നീക്കിയിട്ടുമുണ്ട്. അതിസൂക്ഷ്മമായ വിധത്തിലുള്ള സ്റ്റെറിലൈസേഷന്‍ ആണ് കിണറിലും പരിസരത്തും സാക്ഷാല്‍ക്കരിച്ചിട്ടുള്ളത്. ഒരേ സമയം 16 ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മക്കാ ഹറം ശരീഫ് വികസിപ്പിക്കുന്ന പദ്ധതിയിലെ മൂന്നാം ഘട്ടം കൂടിയാണ് സംസം നവീകരണം.
കഅബാ മന്ദിരത്തില്‍ നിന്ന് ഏതാണ്ട് 20 മീറ്ററുകള്‍ അകലെയുള്ള സംസം കിണര്‍ അത്ഭുതങ്ങളുടെ നിലക്കാത്ത ഉറവ കൂടി അടങ്ങുന്നതാണ്. ഇന്നും ജനകോടികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ ഉറവയാണ് സംസം. 30 മീറ്റര്‍ മാത്രം ആഴമുള്ള സംസം കിണറില്‍ സെക്കന്‍ഡില്‍ 18.5 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്ക് മാത്രം ദിവസവും ഏതാണ്ട് 120 ടണ്‍ സംസം ജലം എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."