ചിക്കാഗോ വെടിവയ്പ്പും കേരളത്തിലെ മദ്യപാനവും
ചിക്കാഗോയിലെ വെടിവയ്പ്പും കേരളത്തിലെ മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ആര്‍ക്കും അറിവില്ല. എന്നാല്‍ വേണമെങ്കില്‍ ബന്ധമുണ്ടാക്കാം. ഇ.കെ വിജയന്‍ അതിവിദഗ്ധമായി രണ്ടിനെയും ബന്ധിപ്പിച്ചു. അതും റോഡ് വഴി.
കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്‍ സഭയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അദ്ദേഹം ഏറെ ശ്രമകരമായ ആ ചുമതല നിര്‍വഹിച്ചത്. ചര്‍ച്ചയില്‍ ഇടപെട്ട വിജയന്‍, ചിക്കാഗോയില്‍ വെടിവയ്പ്പിനു കാരണമായ തൊഴിലാളി സമരം നടന്നത് എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തിയാണെന്നു ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. നേരെ അദ്ദേഹം കേരളത്തിലെ റോഡപകടങ്ങളിലേക്കു കടന്നു. കേരളത്തില്‍ റോഡപകടങ്ങള്‍ക്ക് ഒരു പ്രധാന കാരണം മദ്യപിച്ചു വാഹനമോടിക്കുന്നതാണ്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മദ്യപിക്കുന്നവര്‍ സ്വയം ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കണം. വിനോദ സമയത്തോ വിശ്രമ സമയത്തോ മദ്യപിക്കേണ്ടതെന്ന കാര്യത്തില്‍ മദ്യപാനികള്‍ ഒരു നയമുണ്ടാക്കണമെന്നും വിജയന്‍.
മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷത്തിനു വലിയ എതിര്‍പ്പാണെങ്കിലും കുറെ സമയം അദ്ദേഹത്തെ കാണാതിരുന്നാല്‍ വലിയ വിഷമമാണ്. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോള്‍ മന്ത്രി ജി. സുധാകരനാണ് അതു കണ്ടെത്തിയത്. മുഖ്യമന്ത്രി സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോയതിനാല്‍ സുധാകരനായിരുന്നു പകരം ചുമതല. പ്രധാനമന്ത്രി നരേന്ദ്രമോദി അധികമൊന്നും പാര്‍ലമെന്റില്‍ വരാത്തതുപോലെ മുഖ്യമന്ത്രിയും നിയമസഭയില്‍ പലപ്പോഴും ഉണ്ടാവാറില്ലെന്ന് അടിന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ. മുരളീധരന്‍. സി.ഐ.ടി.യു ദേശീയ കൗണ്‍സിലിനും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കും നല്‍കുന്ന പ്രാധാന്യം മുഖ്യമന്ത്രി നിയമസഭയ്ക്കു നല്‍കുന്നില്ലെന്നും മുരളീധരന്റെ ആരോപണം.മുഖ്യമന്ത്രിയെ നൂലില്‍കെട്ടി ഇറക്കിയതല്ലെന്ന് മുരളീധരനു സുധാകരന്റെ മറുപടി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമൊക്കെ തീരുമാനിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിയെന്ന പോലെ തന്നെ അദ്ദേഹം പാര്‍ട്ടിക്കാരനുമാണ്. ഏതായാലും മുഖ്യമന്ത്രിയെ കാണാതിരിക്കുമ്പോള്‍ പ്രതിപക്ഷത്തിനു വിഷമം തോന്നുന്നതില്‍ സന്തോഷമുണ്ട്.മികച്ച ക്രമസമാധാന നിലയാണ് സംസ്ഥാനത്തുള്ളത്. അതിന് രണ്ട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. കേരള ഭരണമെന്ന സുന്ദരിയുടെ ശിരസില്‍ ചൂടിയ പുഷപങ്ങളാണ് ആ അവാര്‍ഡുകളെന്നും സുധാകരന്‍. എന്നാല്‍ കേരള ഭരണത്തിന്റെ ശിരസില്‍ ഇപ്പോള്‍ ചൂടിയിരിക്കുന്നത് ശവംനാറിപ്പൂക്കളാണെന്ന് സുധാകരന് എം.കെ മുനീറിന്റെ മറുപടി.
കിഫ്ബിയുടെ പണം എന്തുകൊണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാതെ പുതുതലമുറ ഹബാങ്കുകളില്‍ നിക്ഷേപിക്കുന്നു എന്ന് കേരള സഹകരണ സംഘ (ഭേദഗതി) ബല്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പി.ടി തോമസിന്റെ ചോദ്യം. അങ്ങനെ ഒരു ആവശ്യം സഹകരണ വകുപ്പ് ഉന്നയിച്ചിരുന്നോ എന്ന് അടൂര്‍ പ്രകാശ്. ഉന്നയിച്ചിട്ടില്ലെന്നും സഹകരണ ബാങ്കുകളില്‍ ആവശ്യത്തിനു നിക്ഷേപം ഉള്ളതിനാല്‍ അതിന്റെ ആവശ്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
പണ്ടൊക്കെ സംഭവിച്ചിരുന്നതുപോലെ ഇപ്പോള്‍ സഹകരണ സ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് കടകംപള്ളിയുടെ അവകാശവാദം.
പുതുപ്പള്ളിയിലെ അദ്ധ്യാപക സഹകരണ സംഘം പിരിച്ചുവിട്ടിട്ടുണ്ടെന്നും അതിനെതിരേ അവര്‍ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതു പിന്നെ എന്തിനായിരുന്നു എന്നും തിരുവഞ്ചൂരിന്റെ ചോദ്യം. അങ്ങനെയൊരു സഹകരണ സംഘം പിരിച്ചുവിട്ട കാര്യം തനിക്കറിയില്ലെന്നും പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും കടകംപള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."