യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്
മഞ്ചേരി: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്. കോട്ടക്കല്‍ രണ്ടത്താണി തോഴന്നൂരില് പുതുപ്പള്ളി ജാഫറി (38) നെ കൊലപ്പെടുത്തിയ കേസില്‍ തോഴന്നൂര്‍ വളപ്പില്‍ കോട്ടക്കാരന്‍ യാസറി (24) നെയാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.വി നാരായണന് ശിക്ഷിച്ചത്.
2012 ജൂലൈ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒന്പതിനു തോഴന്നൂര്‍ അങ്ങാടിക്കു സമീപം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജാഫര്‍ റോഡിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് പ്രതി യാസറിനോടൊത്ത് ഇരിക്കുന്ന അയല്‍വാസിയോടു യാസറിന്റെ കൂടെ ഇരിക്കേണ്ടെന്നും വീട്ടില്‍ പോകണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രതി അരയില്‍ കരുതിയ കത്തികൊണ്ടു ജാഫറിനെ കുത്തുകയായിരുന്നു.
വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എം സിദ്ദീഖാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. രാത്രി 11നാണ് തന്നെ പ്രവിച്ചതെന്നും സംഭവ സമയം രാത്രി ഒന്പതിനു തനിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്നും അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്കു മാറ്റണമെന്നും വിചാരണ തുടങ്ങുന്നതിനു മുന്‍പു പ്രതി ഹരജി നല്‍കിയിരുന്നു. ഇതു കോടതി പരിഗണിച്ചില്ല.
പ്രതിക്കു ജാഫറിനെ കൊല്ലണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്ന കണ്ടെത്തലില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശിക്ഷ. കേസില്‍ 13 സാക്ഷികളെ വിചാരണ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി എ.ജി പി. ബാലകൃഷ്ണന്, മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുര്റഹിമാന് കാരാട്ട് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."