സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം
തൊടുപുഴ: സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം. ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചു. പരമ്പരാഗത ആചാരങ്ങള്‍, പ്രാദേശിക സമ്മര്‍ദങ്ങള്‍, ബാഹ്യമായ ഇടപെടലുകള്‍ എന്നിവയ്ക്കു വഴങ്ങി നിയമത്തിലും ചട്ടത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യരുതെന്ന് പൊലിസ് മേധാവി നിര്‍ദേശിച്ചു.
വെടിക്കെട്ടിനുള്ള അനുമതി ജില്ലാ മജിസ്‌ട്രേട്ടിന്റെ കര്‍ശന പരിശോധനയ്ക്കു ശേഷമേ ലഭ്യമാകൂ. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് കാണികളുമായി 100 മീറ്റര്‍ സുരക്ഷിത അകലമുണ്ടെന്ന് ഉറപ്പാക്കണം. പൊതുജനം അതിക്രമിച്ചു കടക്കാതിരിക്കാന്‍ 100 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 250 മീറ്ററെങ്കിലും അകലം പാലിക്കണം. വെടിക്കെട്ട് നടത്തുന്നത് എക്‌സ്‌പോസീവ്‌സ് നിയമം- 2008 പ്രകാരമുള്ള ലൈസന്‍സുള്ള പരിചയസമ്പന്നരാണെന്ന് ജില്ലാ അതോറിറ്റി ഉറപ്പുവരുത്തണം.
അപകട സാധ്യത സംബന്ധിച്ച് സംഘാടകര്‍ വിദഗ്ധ ഏജന്‍സിയെ കൊണ്ട് പഠനം നടത്തി റിപ്പോര്‍ട്ട് ജില്ലാ മജിസ്‌ട്രേട്ടിന് കൈമാറണം. വെടിമരുന്ന് സാംപിള്‍ ജില്ലാ പൊലിസ് അധികാരികള്‍ ശേഖരിച്ച് എറണാകുളം കാക്കനാട്ടെ റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കണം. പരിശോധനയില്‍ ക്ലേറേറ്റോ നിരോധിക്കപ്പെട്ട കെമിക്കലുകളോ കണ്ടെത്തിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കാന്‍ പാടില്ല.
വെടിക്കെട്ട് സംഘടിപ്പിക്കാന്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം, അനുവദിച്ച ലൈസന്‍സുകളുടെ എണ്ണം തുടങ്ങിയവ ഉത്സവകാലം തുടങ്ങുന്നതിന് ഒരു മാസം മുന്‍പേ ജില്ലാ കലക്ടര്‍ ഓരോ 15 ദിവസം കൂടുമ്പോഴും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കണം. അംഗീകാരമില്ലാത്ത വെടിമരുന്ന് പ്രകടനങ്ങള്‍ക്കെതിരേ എക്‌സ്‌പ്ലോസീവ് നിയമം 2008ലെ വകുപ്പ്- 6 സബ് റൂള്‍- 7 പ്രകാരം കര്‍ശന നടപടി സ്വീകരിക്കണം. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി നിര്‍ദേശങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലിസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."