പിതാവിനെ അറസ്റ്റ് ചെയ്തു; മകളുടെ നിശ്ചയം മുടങ്ങി,
തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു പോകുമ്പോള്‍ പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലിട്ട് പൊലിസിന്റെ ക്രൂരത.
ഇതേതുടര്‍ന്ന് മകളുടെ വിവാഹ നിശ്ചയം മുടങ്ങി. പ്രവാസിയായ കഴക്കുട്ടം സ്വദേശി കരിമണല്‍ എസ്.എഫ്.എസ് വാട്ടര്‍സ്കേപ്പ് ആറ്-ബിയില്‍ ഹക്കീം ബദറൂദ്ദീന്റെ മകള്‍ ഡോ.ഹര്‍ഷിതയുടെ നിശ്ചയമാണ് പൊലിസ് മുടക്കിയത്. ഒടുവില്‍ പിതാവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കോടതിയെയും സമീപിച്ചു.
കഴിഞ്ഞ 16ന് വൈകിട്ട് അഞ്ചിനാണ് വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയില്‍ എത്തുന്നതിനു മുന്‍പ് പുലിപ്പാറ വളവില്‍ വച്ച് 4.10ന് വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാനും കെ.എസ്.ആര്.ടി.സി ബസും തമ്മില്‍ ഉരസി വാനിന്റെ ചില്ല് തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ തട്ടിക്കയറിയതോടെ സംഗതി വഷളായി.
ബസില്‍ യാത്രികനായിരുന്ന സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പൊലിസിനെ വിവരം അറിയിക്കുകയും ഇതനുസരിച്ച് പൊലിസ് സ്ഥലത്തെത്തുകയും ചെയ്തു. മകളുടെ വിവാഹ നിശ്ചയ ചടങ്ങ് മുടക്കരുതെന്നും പിന്നീട് സ്റ്റേഷനില്‍ എത്താമെന്നും പിതാവ് അഭ്യാര്‍ഥിച്ചിട്ടും പൊലിസ് കൂട്ടാക്കിയില്ല.
പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പടെയുള്ള 24 പേരെ അര്‍ധരാത്രി വരെ പൊലിസുകാര്‍ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഹക്കീം, സഹോദരീ ഭര്‍ത്താവ് മാഹിന്‍ ജലാലുദ്ധീന്‍, ബന്ധു നൗഫല്‍ എന്നിവരടക്കം അഞ്ചു പേരെ സെല്ലിലടച്ചു.
സംഘത്തില്‍ ഹക്കീമിന്റെ ഭാര്യ ഷംല, സഹോദരിമാരായ ജമീമ, ജലീല എന്നിവരെ മുറ്റത്തുനിര്‍ത്തി. ചടങ്ങിനുശേഷം തിരിച്ചുവരാമെന്ന് പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്ന് ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലിസ് തട്ടിക്കയറുകയായിരുന്നു.
രാത്രി 9.30ന് എസ്.ഐ എസ്. നിയാസ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വരന്റെ വീട്ടുകാരെത്തി ജാമ്യം അപേക്ഷിച്ചപ്പോള്‍ എഫ്.ഐ.ആര് ചുമത്തിയെന്ന് പറഞ്ഞ് എസ്.ഐ കൈമലര്‍ത്തുകയും ചെയ്തു.
മകളുടെ വിവാഹം മുടക്കരുതെന്ന് ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോള്‍ നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതില്‍ ഞാന്‍ എന്തിനാടാ വേദനിക്കുന്നതെന്നായിരുന്നു എസ്.ഐയുടെ ആക്രോശം. രാത്രി 11: 45ന് മറ്റു ബന്ധുക്കളെ വിട്ടയച്ചെങ്കിലും ഹക്കീമിനെ വിട്ടയക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."