എം.എല്‍.എയുടെ പദ്ധതിക്കെതിരായി പഞ്ചായത്തിന്റെ ടൗണ്‍ഹാള്‍
വെഞ്ഞാറമൂട്: എം.എല്‍.എയുടെ തിയറ്റര്‍ സമുച്ചയം തട്ടിമാറ്റി പഞ്ചായത്തിന്റെ ടൗണ്‍ഹാള്‍. നെല്ലനാട് പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയെന്ന വിശേഷണത്തോടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ടൗണ്‍ഹാളിനായി നാല് കോടി രൂപ വകയിരുത്തിയ പ്രഖ്യാപനത്തോടെ വെഞ്ഞാറമൂട് ടൗണില്‍ തിയറ്റര്‍ സമുച്ചയമെന്ന പദ്ധതി മുളയിലേ പിഴുതെറിഞ്ഞു.
വാമനപുരം എം.എല്‍.എ ഡി.കെ മുരളി മുന്‍കൈ എടുത്താണ് കെ.എഫ്.ഡി.സിയുടെ തിയറ്റര്‍ സമുച്ചയങ്ങളില്‍ ഒന്ന് വെഞ്ഞാറമൂട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്ത് ആധുനിക സൗകര്യങ്ങളുള്ള തിയറ്ററുകളും ഹാളുകളും മറ്റ് അനുബന്ധ സാംസ്‌കാരിക നിലയങ്ങളും പണിയുക എന്നതായിരുന്നു കെ.എഫ്.ഡി.സിയുടെ പദ്ധതി വിഭാവനം ചെയ്തത്.
സുരാജ് വെഞ്ഞാറമൂടടക്കം ഒട്ടനവധി കലാകാരന്മാരുടെ നാടായ വെഞ്ഞാറമൂടിന്റെ സാംസ്‌കാരികവും കലാപരവുമായ ഉന്നതിക്ക് ഈ തിയറ്റര്‍സമുച്ചയം ഗുണപ്രഥമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നെല്ലനാട് പഞ്ചായത്ത് ഭരണസമിതി തിയറ്റര്‍ സമുച്ചയത്തിനുള്ള സ്ഥലം കണ്ടെത്താനോ നിര്‍ദേശിക്കപ്പെട്ട സ്ഥലം വിട്ട് കൊടുക്കാനോ തയാറായില്ല. ഇപ്പോള്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് നാല് കോടി ചെലവഴിച്ചുള്ള ടൗണ്‍ഹാള്‍ നിര്‍മാണം വീണ്ടുവിചാരമില്ലാതെയുള്ള തീരുമാനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കടുത്ത കുടിവെള്ള ക്ഷാമമടക്കമുള്ള നിരവധി വിഷയങ്ങളില്‍ നിന്ന് മുഖം തിരിച്ചാണ് പഞ്ചായത്ത് ടൗണ്‍ഹാള്‍ നിര്‍മാണത്തിന് തുനിയുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."