അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറി: തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടപടി
കൊല്ലം: ദീര്‍ഘകാലമായി അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ ഇ.എസ്.ഐ ചികിത്സ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് ഉറപ്പ് നല്‍കി.
കേരളത്തിലെ ബഹുഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും അടഞ്ഞു കിടക്കുന്നതു മൂലം ഇ.എസ്.ഐ ചികിത്സാ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടിലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഏകദേശം മൂന്ന് ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേരളത്തിലെ കശുവണ്ടി വ്യവസായത്തില്‍ ഉണ്ടായിരിക്കുന്ന കടുത്ത പ്രതിസന്ധി മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
600 ഓളം കശുവണ്ടി ഫാക്ടറികളാണ് തോട്ടണ്ടി ഇറക്കുമതി ചെയ്യാത്തത് മൂലം അടഞ്ഞു കിടക്കുന്നത്. ഈ ഫാക്ടറികളിലെ തൊഴിലാളികളുടേയും ഫാക്ടറി ഉടമകളുടേയും വിഹിതം ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ അടയ്ക്കാന്‍ കഴിയുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ചര്‍ച്ചയില്‍ മന്ത്രിയോട് പറഞ്ഞു.
ഫാക്ടറികള്‍ അടച്ച ദിവസം മുതല്‍ 90 ദിവസം വരെ ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ മുടങ്ങാതെ തൊഴിലാളികള്‍ക്ക് ലഭിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
എന്നാല്‍ 90 ദിവസത്തില്‍ കൂടുതല്‍ ഫാക്ടറികള്‍ അടഞ്ഞു കിടക്കുകയും തൊഴിലാളികളുടേയും തൊഴില്‍ ഉടമയുടേയും വിഹിതം ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ അടയ്ക്കാതെ വരുകയും ചെയ്യുമ്പോഴാണ് തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ഇ.എസ്.ഐ ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്.
90 ദിവസം കഴിഞ്ഞിട്ടും പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ തോട്ടണ്ടിക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതും ബാങ്കുകള്‍ കശുവണ്ടി വ്യവസായികള്‍ക്ക് നല്‍കിയിരുന്ന വായ്പകള്‍ നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കശുവണ്ടി ഫാക്ടറികള്‍ പൂട്ടേണ്ടി വന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മന്ത്രിയെ അറിയിച്ചു.
കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഇ.എസ്.ഐ ചികിത്സാ ആനുകൂല്യങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ തുടരുമെന്നും ഫാക്ടറികള്‍ അടഞ്ഞ് 90 ദിവസം കഴിഞ്ഞിട്ടും ജോലി പുനരാരംഭിച്ചില്ലായെങ്കില്‍ ഇ.എസ്.ഐ വിഹിതം അടയ്ക്കാത്ത അവസ്ഥയില്‍ ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനെ സംബന്ധിച്ച് അടുത്ത് കൂടുന്ന ഇ.എസ്.ഐ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."