പൊലിസുകാര്‍ ദൈവമല്ല: ബി. സന്ധ്യ
കണ്ണൂര്‍: ഒരാളെ തടഞ്ഞ് വയ്ക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം പൊലിസിന് മാത്രമാണുള്ളതെന്നും അതിനാലാണ് ജനങ്ങള്‍ പൊലിസുകാരെ ദൈവത്തെ പോലെ കാണുന്നതെന്നും എ.ഡി.ജി.പി ബി. സന്ധ്യ. എന്നാല്‍ പൊലിസുകാര്‍ ദൈവമല്ല മനുഷ്യരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് (കെ.പി.ഒ.എ) 35 ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പൊലിസ് ഉദ്യോഗസ്ഥന്മാരില് ചിലരുടെ ഭാഗത്ത് നിന്ന് പാകപിഴവുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ശരിയായ പരിശീലനത്തിന്റെ കുറവ് കൊണ്ടായിരിക്കാം.25 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ജനമൈത്രി പൊലിസ് സ്റ്റേഷന് പദ്ധതി എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ച് പൂര്‍ത്തീകരിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒന്‍പത് വര്‍ഷം കൊണ്ട് തന്നെ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു. നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ടി.കെ രത്നകുമാര്‍ അധ്യക്ഷനായി. കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജില്ലാ പൊലിസിന്റെ അംഗ സംഖ്യ വര്‍ധിപ്പിച്ച് ജോലിഭാരം ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും എട്ട് മണിക്കൂര്‍ ജോലി സമ്പ്രദായം നടപ്പാക്കുക, സബ് ഡിവിഷന് ഓഫിസുകളില്‍ ആവശ്യമായ അംഗ സംഖ്യ വര്‍ധിപ്പിക്കുക തുടങ്ങിയവ സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സി.വി തമ്പാന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പ്രജീഷ് തോട്ടത്തില്‍, പി.പി സദാനന്ദന്, കെ.ജി പ്രകാശ് കുമാര്‍, കെ. രാജേഷ്, പി.ആര് മനോജ്, ഒ.വി ജനാര്ദ്ദനന് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് സാംസ്കാരിക സമ്മേളനവും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."