മേജര്‍ മനോജ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: പുല്‍ഗാവ് സൈനിക ആയുധപ്പുര ദുരന്തത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ കെ.മനോജ്കുമാറിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ വൈകുന്നേരം 4.30-ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രധിനിധികരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ.ഡി.എം, പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ എം.എ.ജെ ഫെര്‍നാണ്ടസ്, സ്റ്റേഷന്‍ സ്റ്റാഫ് ഓഫിസര്‍ ലെഫ്.കേണല്‍ ഐസക്ക് തടത്തില്‍, പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, എ.ഡി.എം, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് തരകന്‍, മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഡൊമസ്റ്റിക് ടെര്‍മിനലിനടുത്തുള്ള 'ശ്രദ്ധാഞ്ജലിസ്ഥാനില്‍' സൈനിക ബഹുമതികള്‍ അര്‍പ്പിച്ച ശേഷം മൃതദേഹം മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മേജര്‍ കെ.മനോജ്കുമാറിന്റെ ഭാര്യ ബീന, മകന്‍ വേദാന്ദ്, അമ്മ, സഹോദരി, സഹോദരന്‍ തുടങ്ങിയവരും മൃതദേഹം എറ്റുവാങ്ങാന്‍ എത്തിയിരുന്നു. ഇന്നലെ മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട് മണി മുതല്‍ 10 മണി വരെ വേട്ടമുക്കിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിന് ശേഷം രാവിലെ 10:30-ന് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."