കേന്ദ്ര സര്‍വകലാശാല: മാളോത്തുംപാറ കോളനി നിവാസികള്‍ക്കു വേണ്ടി നിര്‍മിച്ച വീട് കൈമാറി
പെരിയ: പെരിയ മാളോത്തുപാറ കോളനി നിവാസികള്‍ക്ക് വേണ്ടി നിര്‍മിച്ച വീടുകള്‍ കൈമാറി. കേരള കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോളനിവാസികള്‍ താമസിച്ചിരുന്ന സ്ഥലവും വീടും ഉള്‍പ്പെടെയുള്ള ഭാഗം കേന്ദ്ര സര്‍വകലാശാല അധികൃതര്‍ ഏറ്റെടുത്തിരുന്നു. 16 കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി അടച്ചുറപ്പുള്ള വീടുകള്‍ അധികൃതര്‍ നിര്‍മിച്ചു നല്‍കിയത്. വൈദ്യുതിയും ശുദ്ധ ജലവും ഉള്‍പ്പെടെ കോളനി നിവാസികള്‍ക്കു വേണ്ടി അധികൃതര്‍ ഒരുക്കി കൊടുത്തു. കോളനിയിലെ വീടുകള്‍ക്ക് വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി അഞ്ചു ലക്ഷം രൂപയാണ് അധികൃതര്‍ കെ.എസ്.ഇ.ബിയിലേക്ക് അടച്ചത്. ഇതിനു ഓരോ കുടുംബവും ആവശ്യപ്പെട്ട രീതിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്നതും ശ്രദ്ധേയമാണ്. ജോലി സംബന്ധമായുംവീടുകള്‍ സംബന്ധമായും കോളനി നിവാസികളും സര്‍വകലാശാല അധികൃതരും ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും സത്യഗ്രഹ സമരങ്ങള്‍ ഉള്‍പ്പെടെ നടന്നു വരുകയും ചെയ്തിരുന്നു.
3.25 കോടി രൂപ ചെലവിട്ടാണ് സര്‍വകലാശാല അധികൃതര്‍ കോളനി നിവാസികള്‍ക്ക് പുതിയ വീടുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊടുത്തത്. ഇതിനു പുറമെ സ്ഥലം മാത്രം വിട്ടു കൊടുത്ത കോളനിയിലെ ആളുകള്‍ക്ക് മറ്റൊരു 33 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അടുത്ത മാസം നാലിനു കോളനി നിവാസികള്‍ പുതിയ വീടുകളിലേക്കു താമസം മാറും. ഇതിനു പുറമെ കോളനി നിവാസികളില്‍ പതിനാറു കുടുംബങ്ങളിലെ ഓരോരോ ആളുകള്‍ക്കും കേന്ദ്ര സര്‍വകലാശാലയില്‍ ജോലി നല്‍കും. അവരവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലികളാണു നല്‍കുക. ആറു പേര്‍ക്കു നിലവില്‍ ജോലി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ഒന്‍പതു പേര്‍ക്കു കൂടി അടുത്തു തന്നെ സര്‍വകലാശാലയില്‍ ജോലി നല്‍കും. ഇതിനു പുറമെ നിലവിലുള്ള വീടുകളില്‍ നിന്നു തങ്ങളുടെ സാധനങ്ങള്‍ മാറ്റുന്നതിനു വേണ്ടി ഓരോ കുടുംബത്തിനും 20,000 രൂപയും സര്‍വകലാശാല നല്‍കും. സംസ്ഥാനത്തെ മറ്റേതൊരു പാക്കേജിനെക്കാളും മികച്ച രീതിയിലാണ് സര്‍വകലാശാല അധികൃതര്‍ കോളനിവാസികള്‍ക്കു വേണ്ടി പൂര്‍ത്തിയാക്കിയതെന്നു ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തു നടന്നിട്ടുള്ള പല പുനരധിവാസ പാക്കേജുകളില്‍ നിന്നും വ്യത്യസ്തമായി പുനരധിവസിക്കപ്പെടുന്നവര്‍ക്കു ജോലി കൂടി കൂടി നല്‍കുവാന്‍ ഒരു സ്ഥാപനം തീരുമാനം കൈകൊണ്ടത് മാതൃകാപരമാണെന്നും താക്കോല്‍ ദാന ചടങ്ങില്‍ സംബന്ധിച്ച ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. നിലവിലുണ്ടായിരുന്ന കോളനിക്കു ഏറെ അകലെയല്ലാതെയാണ് പുതിയ കോളനിയും വീടുകളും സ്ഥാപിച്ചത്. ഗൃഹപ്രവേശം ആഘോഷകരമാക്കാനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."