പതിവുതെറ്റിക്കാതെ ദൃശ്യവിരുന്നൊരുക്കി ദേശാടനക്കിളികളെത്തി
രാജപുരം: നീര്‍ത്തടാകങ്ങള്‍ക്കു മുകളില്‍ വട്ടമിട്ടു പറന്നു മരക്കുറ്റികളില്‍ ഇരിപ്പുറപ്പിച്ച് വെയില്‍ കായാന്‍ ദേശാടന പക്ഷികള്‍ വീണ്ടും വിരുന്നെത്തി. ഋതുക്കളുടെ വരവും പോക്കും ഇവയ്ക്കു കാണാപ്പാഠമാണ്. നീര്‍കാക്ക, കുളക്കൊക്ക്, ചിന്നമുണ്ടി എന്നീ സ്വദേശി പക്ഷികളും ധാരാളമായി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലെയും നീര്‍ത്തടങ്ങളിലെ പച്ചപ്പുകള്‍ തേടിയെത്തുന്നുണ്ട്.
കാലാവസ്ഥയ്ക്ക് അനുസൃതമായി സഞ്ചരിക്കുന്നവയാണ് കൊക്കുകള്‍. പതിനായിരക്കണക്കിനു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് കൃത്യമായി ഓരോ പ്രദേശങ്ങളിലുമെത്തുന്നത്. നമ്മുടെ നാട്ടില്‍ കാണുന്ന വെള്ളകൊക്കിനൊപ്പം തീറ്റതേടി വയലുകളിലും മറ്റും സഞ്ചരിക്കുകയും രാത്രിയായാല്‍ വീടുകളുടെ സമീപത്തെ വൃക്ഷങ്ങളില്‍ ചേക്കേറുകയുമാണ് ഇവയുടെ പതിവ്. വിവിധയിനം ദേശാടനപക്ഷികള്‍ കാര്‍ഷിക മേഖലയില്‍ വിവിധ കാലങ്ങളില്‍ വന്നുപോകാറുണ്ട്. പേരറിയാത്ത നാടുകളില്‍ നിന്നും ഒരേ സീസണില്‍ മുടങ്ങാതെയെത്തുന്ന ഈ അതിഥികള്‍ സഞ്ചാരികള്‍ക്ക് അപൂര്‍വ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ആയിരക്കണക്കിനു മൈലുകള്‍ മലകളും പുഴകളും താണ്ടിയാണ് ഇവ എത്തുന്നത്. നവംബര്‍ മുതല്‍ വേനല്‍ക്കാലത്തിന്റെ അവസാനം വരെ ഇവയുണ്ടാകും. ദേശാടനകിളികള്‍ക്കൊപ്പം കൂടാന്‍ നീര്‍കാക്ക, കുളക്കൊക്ക്, എന്നീ സ്വദേശി പക്ഷികളും ധാരാളമായി വരുന്നു.
നീര്‍കാക്കകളില്‍ വലിയ പക്ഷിയായ വലിയ നീര്‍കാക്കയും വംശനാശം നേരിടുന്ന പാതിരാകൊക്കുകളും കുളക്കോഴികളുടെ കൂട്ടവുമാണ് നീണ്ട നഖങ്ങളുള്ള താമരക്കോഴി, വാലന്‍ താമരക്കോഴി എന്നിവയാണ് വിരുന്നെത്തുന്നവരില്‍ പ്രധാനികള്‍. പലതും വിദേശികളാണെങ്കിലും സ്ഥിരമായി കാണുന്നതിനാല്‍ നാട്ടിന്‍പുറത്തുകാര്‍ ഇട്ടപേരാണു പലതിനും.
ശാരീരികമായപ്രത്യേകതകളാണ് ദേശാടനപ്പക്ഷികളുടെ അതിജീവനത്തിന്റെ രഹസ്യം. തൂവലുകള്‍ രക്തത്തിലെ ചൂടു നിലനിര്‍ത്തുന്നതോടൊപ്പം എണ്ണമയത്തിലൂടെ ചിറകുകള്‍ വെള്ളം നനഞ്ഞ് ഒട്ടിപ്പിടിക്കാതിരിക്കാനും സഹായിക്കുന്നു. ഏതൊരു ജീവിയെക്കാളും ശക്തിയേറിയ ശ്വാസകോശങ്ങളാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നു പക്ഷി ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. കൂടാതെ ഭാരം കുറഞ്ഞ എല്ലുകളും ശക്തമായ മാംസപേശികളും.
അതേസമയം, പാടങ്ങള്‍ മണ്ണിട്ടു നികത്തുന്നതും ചേക്കേറാന്‍ ചില്ലകളില്ലാത്തതും അടുത്തിടെയായി ദേശാടനക്കിളികള്‍ക്കു വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. വേനല്‍ കടുത്തതോടെ സ്ഥിരമായി എത്തുന്നയിടങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെ സമീപത്തെ പുതിയ നീര്‍ത്തടങ്ങള്‍ കണ്ടത്തി അതിജീവനം തേടാനും ദേശാടന പക്ഷികള്‍ മിടുക്കരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."