സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം: മൂന്നു പേര് അറസ്റ്റില്‍
കൊല്ലങ്കോട്: മീങ്കര ഡാമില്‍ എത്തിയ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ യുണ്ടായ ആക്രമണം നടത്തിയ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വണ്ണാമട സ്വദേശി ജയകുമാര്‍ (27), കന്നിമാരി സ്വദേശി കണ്ണന് (42), ആയാമ്പതിപ്പദേശി മനോജ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് തിങ്കള്‍ രാത്രി ഒന്‍പതു മണിയോടെയാണ് കൊങ്ങന്‍പട കഴിഞ്ഞ് മീങ്കര ഡാമിലേക്ക് എം.ബി.ബി.എസ് വിദ്യാര്‍ഥി ബ്രിജിത്തും (23) സഹപാഠിയായ പെണ്‍സുഹൃത്തും എത്തിയത്.
ഈ സമയത്ത് ഒന്നാം പ്രതി ജയകുമാര്‍, രണ്ടാം പ്രതി കണ്ണന് എന്നിവര്‍ മദ്യപിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് മനോജിനെ വിളിച്ചു വരുത്തി. ബൈക്കിലെത്തിയ മനോജുമായി ചേര്‍ന്ന് ജയകുമാറും സംഘവും മൂന്ന് ബൈക്കിലെത്തി ഡാമിനകത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയാണുണ്ടായത്. മൂവര്‍ സംഘം ഇവരെ ആക്രമിക്കുകയും ഇവരില്‍ നിന്നും രണ്ടു മൊബൈല്‍ അഞ്ഞൂറ് രൂപയും തട്ടിയെടുത്തു.
തടയാന്‍ ശ്രമിക്കുന്നതിനിടെ ബ്രിജിത്തിന്റെ ഇടതു കൈക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്ദനമേല്പ്പിക്കുകയും ഒപ്പമുണ്ടായിരുന്ന പെണ് സുഹൃത്തിനെ പീഡിപ്പിക്കാനുള്ള ശ്രമവും ഇവര്‍ നടത്തി.
ചെറുത്ത് നിന്നതിനു ശേഷം ഇവരില്‍ നിന്നും രക്ഷപെടുവാന്‍ ബൈക്കില്‍ കയറിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഡാമിനു തൊട്ടടുത്ത വീട്ടില്‍ കയറി രക്ഷപെടുകയാണുണ്ടായത്.
കണ്ണനെ കന്നിമാരി ചാമിയാര് കളത്തു വച്ചും ജയകുമാറിനെ വണ്ണാമടയില്‍ വച്ചും മനോജിനെ മങ്കരയില്‍ വച്ചുമാണ് ബുധന്‍ പൊലിസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ബലാത്സഗശ്രമം, കവര്‍ച്ച, അന്യായമായി തടഞ്ഞുവെക്കല്‍ വകുപ്പുകളാണ് ചുമത്തിയത്. മലപ്പുറം എസ്.പി ദേവേഷ് കുമാര്‍ ബെഹറ, ആലത്തൂര്‍ ഡിവൈ.എസ്.പി ചാര്‍ജുള്ള പാലക്കാട് ഡിവൈ.എസ്.പി, ജി.ഡി വിജയകമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, കെ.എം സെയ്ദാലി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
സി.ഐമാരായ എലിസബത്ത്, എം. സന്തോഷ് കുമാര്‍, കെ.പി ബെന്നി, എസ്.ഐ പി.ബി അനീഷ്, പി. ഗേണേശന്‍, സുരേഷ് കുമാര്‍, ചന്ദ്രന്, ജിജോ, നൗഷാദ് ഖാന്, ബാബു, ദിലീപ്, ശിവപ്രകാശ്, ഷെബീര്‍, ശെല്‍വം, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."