റോഡിനായി കെട്ടിടം പൊളിച്ചു: നഷ്ട പരിഹാര തുകക്കായി ഉടമസ്ഥന്‍ അലയുന്നു
മാള : റോഡിനായി പൊളിച്ച കെട്ടിടത്തിന്റെ നഷ്ട പരിഹാര തുകക്കായി ഉടമസ്ഥന്‍ അലയുന്നു. പൊതുമരാമത്ത് റോഡിനായി പൊളിച്ച കെട്ടിടത്തിന്റെ നഷ്ട പരിഹാര തുകക്കായി മാളയിലെ ഹോട്ടല്‍ ഉടമസ്ഥനായ ബൈജു എടാട്ടുകാരനാണു നാലു വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്. കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മാള ടൗണ്‍ റോഡ് വികസനത്തിനായി മാളയില്‍ 54 കെട്ടിടങ്ങളാണു ഭാഗികമായി പൊളിച്ചുനീക്കിയത്. റോഡ് വികസനത്തിനായി ചില തര്‍ക്കങ്ങള്‍ വന്നതോടുകൂടി സ്ഥലങ്ങള്‍ എറ്റെടുക്കുന്ന നടപടികള്‍ നീണ്ടു പോയിരുന്നു. 2013ല്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യൂവേഷന്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരുന്നു. പക്ഷെ ചില കച്ചവടക്കാരുടെ തര്‍ക്കങ്ങള്‍ കാരണം റോഡു വികസന നടപടികള്‍ തടസ്സപ്പെട്ടു. ഗതാഗത സ്തംഭനം കൊണ്ടു വീര്‍പ്പുമുട്ടന്ന മാള ടൗണിനു വലിയ ആശ്വാസം നല്‍കുന്ന റോഡു വികസനം നീണ്ടു പോകുന്നതില്‍ വലിയ ആശങ്ക നിലനിന്നിരുന്നു.
റോഡു വികസനം അനന്തമായി നീണ്ടുപോയപ്പോള്‍ പല രാഷ്ട്രിയ പാര്‍ട്ടികളും സമരപരിപാടികളുമായി മുന്നോട്ടുവന്നിരുന്നു. റോഡ് വികസനം നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി പോകുന്നതായി കണ്ടപ്പോള്‍ എല്ലാ കെട്ടിട ഉടമകള്‍ക്കും മാതൃകയായി തന്റെ കെട്ടിടം ബൈജു പൊളിച്ചുമാറ്റി. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുവാദമില്ലാതെ പൊളിച്ചുനീക്കിയെന്ന നിയമകുരുക്കു പറഞ്ഞാണു ഏറ്റവും ആദ്യം പൊളിച്ചുനീക്കിയ തന്റെ കെട്ടിടത്തിന്റെ നഷ്ടപരിഹാര തുക ഇതുവരെയും നല്‍കാത്തതെന്നു ബൈജു പറയുന്നു. കെട്ടിടത്തിന്റെ വാല്യൂവേഷനും മറ്റു നടപടിക്രമങ്ങളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തികരിച്ച ശേഷം ഡിപ്പാര്‍ട്ടുമെന്റിന്റെ മൗനാനുവാദത്തോടെയാണു താന്‍ കെട്ടിടം പൊളിച്ചതെന്നും ബൈജു പറയുന്നു. മറ്റുള്ളവര്‍ക്കു മാതൃകയായി താന്‍ ആദ്യം പൊളിച്ചുനീക്കിയതു ഇത്ര വലിയ തെറ്റായിപ്പോയോയെന്നു ബൈജു ചോദിക്കുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും പണം നല്‍കാന്‍ ഉത്തരവായിട്ടുണ്ടെന്നുള്ള മറുപടിയല്ലാതെ പണം ലഭിക്കുവാനുള്ള സാധ്യത തുറന്നിട്ടില്ലയെന്നു ബൈജു. വ്യാപാരി സംഘടനകള്‍ തന്റെ കാര്യത്തില്‍ വേണ്ട വിധത്തില്‍ ഇടപ്പെട്ടില്ലെന്നും ബൈജുവിനു ആക്ഷേപമുണ്ട്. 2013 ല്‍ പൊതുമരാമത്ത് ബൈജുവിന്റെ കെട്ടിടത്തിനു രണ്ടു ലക്ഷത്തി എണ്‍പത്തി മുവ്വായിരത്തി എണ്ണൂറ്റി എഴുപത്തിയഞ്ചു രൂപ വില നിശ്ചയിച്ചിരുന്നു. അഞ്ചു വര്‍ഷത്തെ പലിശ കൂടി കണക്കാക്കുമ്പോള്‍ നാലര ലക്ഷം രൂപയോളം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇട്ട വിലയെങ്കിലും ലഭ്യമായാല്‍ മതിയായിരുന്നെന്നു അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മനസ്സു മരവിച്ച ബൈജു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."