സഊദിയില്‍ കൂടുതല്‍ തൊഴിലുകള്‍ സഊദിവല്‍ക്കരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
റിയാദ്: സഊദിയില്‍ കൂടുതല്‍ തൊഴിലുകള്‍ സഊദിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവിധ തൊഴില്‍ കാറ്റഗറികളാണ് ഘട്ടം ഘട്ടമായി സഊദി വല്‍ക്കരണം നടത്താനുള്ള നടപടികള്‍ ആരംഭിച്ചത്.
ഇതിനായി ഇത്തരം തൊഴില്‍ മേഖലകളിലേക്ക് സഊദികളെ രംഗത്തിറക്കാനായി കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്.
പരിശീലനം കഴിഞ്ഞു സ്വദേശികള്‍ പ്രാപ്തമാക്കുന്നതോടെ ഈ മേഖലകളില്‍ നിന്നും വിദേശികള്‍ ഒഴിവാക്കപ്പെട്ടു തുടങ്ങും.
സഊദി വൊക്കേഷണല്‍ ട്രെയിനിങ് അതോറിറ്റിയുടെ കീഴിലാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.
തായിഫില്‍ ജനറല്‍ അതോറിറ്റി ഫോര്‍ വൊക്കേഷനല്‍ ട്രെയിനിംഗ് സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ വിദേശികള്‍ കൂടുതലായുള്ള മെക്കാനിക്ക്, പ്ലംബിങ്, കാര്‍പന്റര്‍, സ്റ്റീല്‍ വര്‍ക്‌സ്, അപ്‌ഹോള്‍സ്റ്ററി തൊഴിലുകള്‍, സെക്യൂരിറ്റി സംവിധാനങ്ങള്‍, വാഹനങ്ങളിലെ സാധന വിതരണം, കുക്കിങ്, ടെക്‌നീഷ്യന്‍ തുടങ്ങിയ ജോലികളിലാണ് സഊദി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.
ആദ്യ ഘട്ടത്തില്‍ പ്ലംബിങ്, കാര്‍പന്റര്‍ ജോലിക്കായി 600 സഊദികളെയാണ് സജ്ജരാക്കുന്നത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റു മേഖലകളിലും പരിശീലനം നല്‍കുകയും യുവാക്കളെ രംഗത്തിറക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
തായിഫില്‍ നടന്ന ജനറല്‍ അതോറിറ്റി ഫോര്‍ വൊക്കേഷനല്‍ ട്രെയിനിംഗ് പരിശീലന പരിപാടിയില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്ന് 25 വേദികള്‍ ദ്വിദിന പരിശീലന പരിപാടിയില്‍ സഹകരിച്ചു.
രാജ്യത്തെ സ്വകാര്യ മേഖലക്ക് ആവശ്യമായ എല്ലാ തസ്തികകള്‍ക്കും സ്വദേശി യുവാക്കളെ സജ്ജമാക്കലാണ് പരിശീലനത്തിന്റെ ലക്ഷ്യം. 3,000 മുതല്‍ 10,000 റിയാല്‍ വരെ വേതനം നല്‍കി ജോലിക്കാരെ തൊഴില്‍ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കാനും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."