വാഹനത്തിന് സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; കാര്‍ ഡ്രൈവറെ മര്‍ദിച്ചു
ആലപ്പുഴ: വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ഡോക്ടറും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു. യുവാക്കളായ മൂന്ന് പേരെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലിസ് പിടികൂടി. ആന്റോ ആന്റണി, ഷെമീര്‍, മനു മോഹന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ 9.30ന് തുമ്പോളി മാതാ സ്കൂളിന് സമീപം ദേശീയപാതയിലാണ് സംഭവം.
ഡോക്ടര്‍ മായാ വി.റാവുവും ബന്ധുക്കളായ ബാലകൃഷ്ണനും വിഗ്നേശ്വനും കൂടെ കാറില്‍ തുറവൂരിലേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലേക്ക് തന്നെ സഞ്ചരിച്ചിരുന്ന യുവാക്കളുടെ കാറിന് സൈഡ് നല്‍കിയില്ലായെന്ന കാരണത്താന്‍ ഡോക്ടറുടെ വാഹനം വട്ടമിട്ട് തടഞ്ഞു.
കാറിന്റെ ഡ്രൈവറായിരുന്ന രാധാകൃഷ്ണനുമായി യുവാക്കള്‍ സൈഡ് നല്‍കാത്തതിനെ സംബന്ധിച്ച് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇവര്‍ രാധാകൃഷ്ണനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് നോര്‍ത്ത് പോലിസ് പറഞ്ഞു. തടയാനെത്തിയ ഡോക്ടറെയും തള്ളിമാറ്റി. പ്രശ്നത്തിനിടയില്പ്പെട്ട് ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പൊട്ടി.
സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്ന ഒരു പൊലിസുകാരനാണ് പ്രതികളെ ഉടന്‍ തന്നെ പിടികൂടിയത്. നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലിസുകാരെത്തി മൂന്ന് പ്രതികളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഡ്രൈവറായ രാധാകൃഷ്ണന് മര്‍ദ്ദനത്തില്‍ നിസാരപരിക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."