കെട്ടിട നികുതിയെ ചൊല്ലി ഏലപ്പാറയില്‍ തര്‍ക്കവും സംഘര്‍ഷവും
പീരുമേട്: കെട്ടിട നികുതി ഈടാക്കിയതിനെ ചൊല്ലി ഏലപ്പാറ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തര്‍ക്കവും സംഘര്‍ഷവും. കമ്പ്യൂട്ടറും, ഫയലുകളും, ജനല്‍ ചില്ലകളും ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി പൊലിസില്‍ പരാതി നല്‍കി.
ഇന്നലെ വൈകുന്നേരം നാലു മണിയോടുകൂടിയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കെട്ടിട നികുതിയുടെ പേരില്‍ ജപ്തി ഭീഷണി ഉയര്‍ത്തി കോഴിക്കാനം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ പക്കല്‍ നിന്നും അമിതമായി തുക ഈടാക്കിയന്നാരോപിച്ചാണ് ഒരു സംഘം സി പി എം പ്രവര്‍ത്തകരും സെക്രട്ടറിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്.
ഈ സമയം ഓഫീസിന്റെ രണ്ടാം നിലയില്‍ പഞ്ചായത്ത് കമ്മിറ്റി ചേരുകയായിരുന്നു. ബഹളം കേട്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ പ്രശ്‌നവുമായെത്തിയ സംഘത്തോട് ചര്‍ച്ച നടത്തുകയും സി പി എം പ്രവര്‍ത്തകര്‍ മടങ്ങുകയും ചെയ്തു.
ഇടതുമുന്നണി ഭരിക്കുന്ന ഏലപ്പാറ പഞ്ചായത്തില്‍ പ്രസിഡന്റ് പദവി സി പി ഐയ്ക്കാണ്. സി പി എം പ്രതിനിധിയാണ് വൈസ് പ്രസിഡന്റ്.
ഇതേ സമയം ബഹളത്തിനിടെ ഫയലുകള്‍ നശിപ്പിക്കുകയും, കമ്പ്യൂട്ടര്‍ കേടുവരുത്തുകയും ചെയ്‌തെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി എം എസ് രവി പീരുമേട് പൊലിസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പീരുമേട് സി ഐ ഷിബുകുമാര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ കയറി നാശനഷ്ടം വരുത്തിയെന്ന കേസ് കെട്ടിചമച്ചതാണെന്ന് സി പി എം നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."