സായാഹ്നങ്ങളില്‍ വിശ്രമിക്കാനിടവുമായി ഏറ്റുമാനൂര്‍ നഗരഹൃദയം ഒരുങ്ങുന്നു
ബി.എസ് കുമാര്‍
ഏറ്റുമാനൂര്‍: വൈകുന്നേരങ്ങളില്‍ വെടിവട്ടം കൂടാനും അല്‍പം കാറ്റ് കൊണ്ട് വിശ്രമിക്കാനും ഏറ്റുമാനൂര്‍കാര്‍ക്ക് താവളമൊരുങ്ങുന്നു. നഗരഹൃദയത്തില്‍ എല്ലാവരും ഉപേക്ഷിച്ച നിലയില്‍ കിടക്കുന്ന ചിറക്കുളത്തിന് പുതുജീവന്‍ വെയ്ക്കുകയാണ്.
ആധുനികരീതിയില്‍ ചിറക്കുളം നവീകരിച്ച് വിശ്രമസങ്കേതമാക്കി മാറ്റുന്ന നഗരസഭയുടെ പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം. പതിമൂന്ന് ലക്ഷം രൂപയാണ് ചിറക്കുളത്തിന്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഏറ്റുമാനൂര്‍ ഡിവിഷനില്‍ നിന്നുമുള്ള കൗണ്‍സിലര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുന്‍കൈ എടുത്ത് ചിറക്കുളത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അന്ന് ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നു.
കുളത്തിലെ മലിനജലം തേകി വൃത്തിയാക്കിയ ശേഷം കലാപരമായി ചുറ്റുമതില്‍ കെട്ടി തീര്‍ന്നപ്പോഴേക്കും ഏറ്റുമാനൂര്‍ നിവാസികളുടെ സ്വപ്നചിറകുകള്‍ അരിയപ്പെട്ടു. ജോസ്‌മോന്‍ മുണ്ടയ്ക്കലിന് പദ്ധതി പൂര്‍ണ്ണമാക്കാനായില്ല. ജോസ്‌മോന്‍ നിര്‍ത്തിയിടത്തുനിന്നും അതിലും നല്ല രീതിയില്‍ പണി പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി മന്നാമല പറഞ്ഞു.മരക്കുറ്റികളുടെ ആകൃതിയില്‍ ശില്‍പഭംഗിയോടെ കോണ്‍ക്രീറ്റ് കൊണ്ട് അലങ്കാരപണികള്‍ ചെയ്ത കുളത്തിന് ചുറ്റും ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ശിശുസൗഹൃദമാക്കി പെയിന്റിംഗ് നടത്തും. മൂന്ന് ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. നേരത്തെ കുളം വൃത്തിയാക്കിയെങ്കിലും ഇപ്പോഴും മലിനജലമാണ് ഇതിനുള്ളിലുള്ളത്. തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളം ചിറക്കുളത്തിലേക്ക് ഒഴുകുന്നതാണ് കാരണമായി പറയുന്നത്.
കുളം വൃത്തിയാക്കുന്നതോടൊപ്പം മലിനജലം കുളത്തില്‍ എത്താതിരിക്കാനുള്ള പ്രതിവിധി കൂടി ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കുളത്തിനു ചുറ്റും മനോഹരമായ ടൈലുകള്‍ പാകി നടപ്പാത നിര്‍മ്മിക്കും. കുളത്തിന്റെ രണ്ട് വശങ്ങളില്‍ നിലവില്‍ റോഡുണ്ട്. ഈ ഭാഗം ഒഴിവാക്കി മറ്റ് വശങ്ങളില്‍ ആളുകള്‍ക്ക് വിശ്രമിക്കാനും മറ്റും ബഞ്ചുകള്‍ സ്ഥാപിക്കും. ഒപ്പം തണല്‍മരങ്ങള്‍ വെച്ചു പിടിപ്പിക്കാനും കുളത്തിന്റെ നടുവില്‍ ഫൗണ്ടന്‍ ഘടിപ്പിക്കാനും പദ്ധതിയുണ്ട്.
കുളത്തിന് ചുറ്റും അലങ്കാരദീപങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് കളിക്കാനായി റൈഡറുകളും സ്ഥാപിക്കും. ഇതിനെല്ലാം കൂടി പത്ത് ലക്ഷം രൂപയാണ് പദ്ധതിയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. പണ്ട് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് നടന്നിരുന്നത് ഏറ്റുമാനൂര്‍ ചിറക്കുളത്തിലായിരുന്നു. അന്നൊക്കെ ചിറക്കുളവും പൂവരശിന്‍ചുവടുമായിരുന്നു ഏറ്റുമാനൂരിന്റെ പ്രധാന കേന്ദ്രങ്ങള്‍. പൂവരശിന്‍ചുവട് ആണ് ഇന്നത്തെ സെന്‍ട്രല്‍ ജംഗ്ഷന്‍. വികസനത്തിന്റെ പാതയില്‍ പൂവരശ് മരത്തിന് കോടാലി വെച്ചപ്പോള്‍ ചിറക്കുളത്തിന്റെ വിസ്തൃതിയും നന്നായി കുറച്ചു. കെട്ടിടങ്ങള്‍ പണിയാനും റോഡ് വീതി കൂട്ടാനും അധികാരികള്‍ ശ്രദ്ധിച്ചപ്പോള്‍ മരണമണി മുഴങ്ങിയത് ഏറ്റുമാനൂരുകാരുടെ പ്രധാന ജലസ്‌ത്രോതസ് കൂടിയായ ചിറക്കുളത്തിന്. ഭാവിയിലെ ദോഷങ്ങള്‍ മുന്‍കൂട്ടി കാണാതെ ചിറക്കുളത്തിനരികില്‍ തന്നെ മാര്‍ക്കറ്റും സ്ഥാപിച്ചു. ഇപ്പോള്‍ ശ്വാസം നിലയ്ക്കാറായ കുളത്തെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭരണാധികാരികള്‍ എന്നു പറയുന്നതാവും ശരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."