സഊദിയില്‍നിന്നു നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിന് ആയിരം റിയാല്‍ അധികം കൂട്ടി
ജിദ്ദ: സഊദിയില്‍നിന്നു നാട്ടിലേക്കു മൃതദേഹം എത്തിക്കുന്നതിനു ആയിരം റിയാല്‍ അധികം വര്‍ധിപ്പിച്ചു. എംബാമിംങ് ചാര്‍ജ് ആയാണ് ആയിരം റിയാല്‍ വര്‍ധിപ്പിച്ചത്. ഇതുവരെ 5000 റിയാലായിരുന്നു എംബാമിംങ് ചാര്‍ജ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള എല്ലാ രേഖകളും ശരിയാക്കിയ ശേഷം എംബാമിംങ് ചാര്‍ജായി ഇനി മുതല്‍ ആയിരം റിയാല്‍ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് വഴി അടക്കണം.
തുടര്‍ന്ന് മോര്‍ച്ചറിയില്‍നിന്നു ലഭിക്കുന്ന എംബാമിംങ് അപേക്ഷ വിമാനത്താവളത്തില്‍ കൊണ്ടുപോയി സീല്‍ ചെയ്യിക്കണം. ഈ രേഖ വീണ്ടും മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം മൃതദേഹം ഫ്രീസറില്‍ നിന്ന് പുറത്തെടുക്കും. എംബാമിംങ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നേരെ വിമാനത്താവളത്തിലേക്ക് അയക്കാറാണ് പതിവ്.
രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ആറായിരം റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എംബാമിംങ് ചാര്‍ജ് 5000 റിയാലായി ഉയര്‍ത്തിയത്.
നേരത്തെ വിവിധ ഘട്ടങ്ങളിലായി 2000, 3000, 4000 എന്നിങ്ങനെയായിരുന്നു ചാര്‍ജ്. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഏല്‍പ്പിക്കപ്പെട്ട വ്യക്തികളോ ബന്ധുക്കളോ ആണ് ഈ തുക അടക്കേണ്ടത്.
അയാട്ട നിയമപ്രകാരമുള്ള ചാര്‍ജാണിത്. വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത നിരക്കിലാണ് ചാര്‍ജ് ഈടാക്കുന്നത്. നിലവില്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് മാത്രമാണ് മൃതദേഹം സൗജന്യമായി കൊണ്ടുപോകുന്നത്.
എന്നാല്‍ എംബാമിംങ് ഫീസ് അവരും ഈടാക്കുന്നുണ്ട്. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലൈയിം ചെയ്താല്‍ എംബാമിംങിനും ടിക്കറ്റുമായി പത്തിനായിരം റിയാല്‍ വരെ ലഭിക്കും. മൃതദേഹം സഊദിയില്‍ ഖബറടക്കുന്നതെങ്കില്‍ എംബാമിംങിന്റെ ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."