ശാപമോക്ഷം തേടി ആനവണ്ടി; 3500 കോടി ദീര്‍ഘകാല വായ്പയെടുത്തു
തലശ്ശേരി: നഷ്ടത്തിന്റെ കണക്കുപുസ്തകത്തില്‍ മാറ്റത്തിന്റെ പുതുവഴി തേടി കെ.എസ്.ആര്‍.ടി.സി ഇതുവരെയുള്ള കടം തീര്‍ത്ത് ദീര്‍ഘകാല വായ്പ വാങ്ങി. സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് വായ്പയായി വാങ്ങിയ 700 കോടി രൂപയില്‍ ബാക്കിയുള്ള പണം ബുധനാഴ്ച വൈകിട്ടോടെ തിരിച്ചടച്ചാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി 3500 കോടിയുടെ ദീര്‍ഘകാല വായ്പ എടുത്തത്. ഇത് സംബന്ധിച്ച കരാറില്‍ ഇന്നലെ സര്‍ക്കാര്‍ ഒപ്പുവച്ചു.
പുതിയ വായ്‌പെയടുക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ആര്‍.ടി.സി സംസ്ഥാന സഹകരണ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പകള്‍ ബുധനാഴ്ചയോടെ തിരിച്ചടക്കുകയായിരുന്നു.
ഇതുപ്രകാരം കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍നിന്ന് കടമെടുത്ത 100 കോടിയില്‍ ബാക്കി വന്ന 88.54 ലക്ഷം രൂപ ബുധനാഴ്ച വൈകിട്ടോടെ തിരിച്ചടച്ച് ബാധ്യതയില്‍ നിന്നൊഴിവായിരുന്നു. ഇതിനുപിന്നാലെ മറ്റ് ബാങ്കില്‍ നിന്നുള്ള മുഴുവന്‍ ബാധ്യതയും കെ.എസ്.ആര്‍.ടി.സി അടച്ചുതീര്‍ത്തു. ബാധ്യതയില്‍നിന്ന് ഒഴിവായാലേ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുകയുള്ളൂവെന്ന നിബന്ധന വച്ചതോടെയാണ് മുഴുവന്‍ ബാധ്യതകളില്‍നിന്നും കെ.എസ്.ആര്‍.ടി.സി തല്‍ക്കാലത്തേക്കെങ്കിലും തലയൂരിയത്്.
ഒന്‍പത് ശതമാനം പലിശക്കാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 3500 കോടി രൂപ വായ്പയെടുക്കുന്നത്. ഇതുവരെ സഹകരണ ബാങ്കുകളില്‍നിന്ന് ഹ്രസ്വകാല വായ്പയെടുത്ത വകയില്‍ കെ.എസ്.ആര്‍.ടി.സി 12 ശതമാനമായിരുന്നു പലിശയടച്ചിരുന്നത്. ഇതുമൂലം കോര്‍പ്പറേഷന്‍ ദിനംപ്രതി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലായിരുന്നു. 900 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചത്. ഒരു മാസം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 180 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ഇതില്‍ 90 കോടി രൂപ വായ്പയെടുത്ത വകയില്‍ തിരിച്ചടവിന് മാത്രം നീക്കി വക്കുകയായിരുന്നു. 80 കോടി രൂപയുടെ ഡീസലും സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്ക് മാസത്തില്‍ സര്‍വിസ് നടത്താന്‍ വേണം. ശമ്പളമായി ജീവനക്കാര്‍ക്ക് 60 കോടി രൂപ മാസം തോറും നീക്കിവയ്‌ക്കേണ്ടതുണ്ട്. 50 കോടി രൂപ പെന്‍ഷന്‍ നല്‍കാനും മാറ്റി വക്കണം. ഇങ്ങിനെയുള്ള കണക്ക് നോക്കിയാല്‍ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പലിശ കുറച്ച് ദീര്‍ഘകാല ലോണ്‍ എന്ന പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.
ബാധ്യതയേറിയതോടെ ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന പി.എഫ്, എല്‍.ഐ.സി തുടങ്ങിയ പണമുള്‍പ്പെടെ വകമാറ്റി ചെലവഴിക്കുകയാണ്. ജീവനക്കാരുടെ ആനുകൂല്യം ഇതോടെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയതോടെയാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും മറ്റു വഴിയെക്കുറിച്ച് ചിന്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."