ഈജിപ്തില്‍ സീസിക്ക് രണ്ടാമൂഴം
കെയ്റോ: ഈജിപ്ത് പ്രസിഡന്റായി വീണ്ടും അബ്ദുല്‍ ഫത്താഹ് സീസി തെരഞ്ഞെടുക്കപ്പെട്ടു. 92 ശതമാനം വോട്ട് നേടിയാണ് സീസി വിജയിച്ചത്. ഈജ്പ്ത് മുന്‍ സൈനിക മേധാവിക്ക് പ്രസിഡന്റ് പദത്തില്‍ ഇത് രണ്ടാമൂഴമാണ്.
മൂന്നു ദിവസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 40 ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്. ആകെ 60 മില്യന്‍ വോട്ടര്‍മാരില്‍ 23 മില്യന്‍ പേര് മാത്രമാണു സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെനയും സര്‍ക്കാര്‍ മാധ്യമങ്ങളായ അല്‍ അഹ്റാമും അഖ്ബാറുല്‍ യൗമും റിപ്പോര്‍ട്ട് ചെയ്തു. എതിര് സ്ഥാനാര്‍ഥിയായ മൂസ മുസ്തഫ മൂസയ്ക്ക് 7,21,000 വോട്ടാണു നേടാനായത്. രണ്ടു മില്യന്‍ പോര് ചെയ്ത വോട്ട് അസാധുവായിട്ടുണ്ട്. ബാലറ്റ് പേപ്പറിലില്ലാത്ത പേരില്‍ വോട്ട് രേഖപ്പെടുത്തിയതിനാണു നടപടി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണ് മൂസ മുസ്തഫ തെരഞ്ഞെടുപ്പ് ചിത്രത്തിലെത്തിയിരുന്നത്. അദ്ദേഹം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു പത്തു ദിവസം മുന്‍പ് മൂസയുടെ പാര്‍ട്ടിയായ ഖാദ് മുര്‍സിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നാടകീയമമായ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് മൂസ മത്സരിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്ന പ്രമുഖരെ വിവിധ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ബാക്കി സ്ഥാനാര്‍ഥികളും സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ഇതിനു പിറകെയാണ് മൂസ മുസ്തഫ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു രംഗത്തെത്തിയത്. 2014ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ ഫത്താഹ് സീസിക്ക് 96 ശതമാനം വോട്ട് ലഭിച്ചിരുന്നു. 47 ശതമാനം പോളിങ്ങാണ് അന്നു രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."