ഒടുവില്‍ സ്വപ്നച്ചിറകേറി മലാല പാകിസ്താനില്‍
ഇസ്‌ലാമാബാദ്: വികാരഭരിതമായ അന്തരീക്ഷത്തില്‍ നീണ്ട ആറുവര്‍ഷങ്ങള്‍ക്കു ശേഷം നൊബേല്‍ ജേതാവ് മലാല യൂസുഫ് സായ് സ്വന്തം മണ്ണില്‍ കാലുകുത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി സംസാരിച്ചതിന് താലിബാന്‍ ഭീകരരുടെ വെടിയുണ്ടയ്ക്കിരയായ മലാല 20കാരിയായാണു നാട്ടില്‍ തിരിച്ചെത്തിയത്.
ഭയലേശമന്യേ സ്വന്തം നാട്ടില്‍ തിരിച്ചെത്തുകയെന്നതു തന്റെ സ്വപ്നമായിരുന്നുവെന്ന് ഇസ്‌ലാമാബാദിലെ പ്രധാനമന്ത്രി വസതിയില്‍ നടത്തിയ പ്രസംഗത്തില്‍ മലാല കണ്ഠമിടറി പറഞ്ഞു. പ്രസംഗം പാക് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് മലാല ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലാലയുടെ പാകിസ്താനിലെ യാത്രയിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശന കാരണമോ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. നാലു ദിവസം രാജ്യത്ത് തങ്ങുമെന്നാണ് അറിയുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ശഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വ തുടങ്ങിയ മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തും.
'പാകിസ്താനില്‍ വരികയും അവിടെ ഭീതിരഹിതമായും സമാധാനത്തോടെയും തെരുവുകളിലൂടെ നടക്കുകയും ജനങ്ങളെ കണ്ടുമുട്ടി സംസാരിക്കുകയും ചെയ്യണമെന്നത് എന്റെ സ്വപ്നമായിരുന്നു. ഇതെന്റെ പഴയ വീടാണ്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. ഇതിന് നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നു.'-പ്രസംഗത്തില്‍ മലാല പറഞ്ഞു.
മലാല പാകിസ്താനിലെത്തുമെന്നു നാലു ദിവസമായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമെത്തുന്നതിനു മുന്‍പാണ് അവരുടെ അപ്രതീക്ഷിത സന്ദര്‍ശനം. മലാലയുടെ പേരില്‍ സ്ഥാപിച്ച മലാല ഫണ്ട് സംഘാടകരും അവരെ അനുഗമിക്കുന്നുണ്ട്. തീവ്രവാദികളുടെ ശക്തികേന്ദ്രമായ സ്വാത്തിലുള്ള ജന്മനാട്ടിലും സ്വന്തം വീട്ടിലും മലാല സന്ദര്‍ശനം നടത്തുമോയെന്ന കാര്യം വ്യക്തമല്ല.
2012 ഒക്ടോബറിലാണ് സ്‌കൂളില്‍നിന്നു മടങ്ങുന്ന വഴിക്ക് 14കാരിയായ മലാല സഞ്ചരിച്ച സ്‌കൂള്‍ ബസ് താലിബാന്‍ ഭീകരവാദികള്‍ ആക്രമിച്ചത്. സംഭവത്തില്‍ തലയ്ക്കു വെടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന മലാലയെ ഉടന്‍ പെഷാവറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു. മാസങ്ങളോളം മരണത്തോടു മല്ലിട്ട ശേഷമാണ് അവര്‍ അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസമാക്കി. ഇവിടെ വച്ച് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ഇതിനിടെയാണ് 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാലയെ തേടിയെത്തിയത്.
2013 മുതല്‍ ജൂലൈ 12 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശദിനമായി കണക്കാക്കി 'മലാലദിന'മായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. 11-ാം വയസില്‍ തന്നെ ബ്ലോഗിലൂടെയും മറ്റും മലാല എഴുതിയ കുറിപ്പുകളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടവുമാണ് ഭീകരരെ ചൊടിപ്പിച്ചത്. ഇതേ പ്രായത്തില്‍ അജ്ഞാതനാമത്തില്‍ ബി.ബി.സിയുടെ ഉറുദു പതിപ്പിലും മലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."