തിരിച്ചടിച്ച് റഷ്യ; 60 യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കി
മോസ്‌കോ: മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരനെതിരായ വധശ്രമത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര തര്‍ക്കം മുറുകുന്നു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കന്‍ നടപടിക്ക് റഷ്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അമേരിക്ക ചെയ്തതിനു തുല്യമായി 60 യു.എസ് നയതന്ത്രജ്ഞരെ റഷ്യയില്‍നിന്നു പുറത്താക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണു നടപടിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. പുറത്താക്കിയ ഉദ്യോഗസ്ഥരുടെ എണ്ണം ലാവ്‌റോവ് വ്യക്തമാക്കിയിരുന്നില്ലെങ്കിലും റഷ്യന്‍ സര്‍ക്കാര്‍ മാധ്യമമായ ടാസ്സ് 60 നയതന്ത്രജ്ഞര്‍ക്കെതിരേയാണു നടപടിയെന്ന് അറിയിച്ചു.
ബ്രിട്ടനു പിന്തുണയറിയിച്ച് ഈയാഴ്ച അമേരിക്ക 60 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. സീറ്റ്‌ലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയും ചെയ്തു. അതിനു പുറമെ വിവിധ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും അമേരിക്കയുടെ നടപടിയെ പിന്തുടര്‍ന്ന് നിരവധി റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി.
ഏതാനും രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തു. ഈയാഴ്ച മാത്രം 120 റഷ്യന്‍ നയതന്ത്ര പ്രതിനിധികളാണു വിവിധ രാജ്യങ്ങളില്‍നിന്നായി പുറത്തായത്. ആകെ 20 രാജ്യങ്ങളാണു നടപടിയില്‍ പങ്കുചേര്‍ന്നത്.
നേരത്തെ, ബ്രിട്ടന്‍ 20 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിനു തിരിച്ചടിയായി 20 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി.
അതിനിടെ, രാസപ്രയോഗത്തിനിരയായ സെര്‍ജി സ്‌ക്രിപാലിന്റെ മകള്‍ യൂലിയയുടെ സ്ഥിതി ഭേദപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്‌ക്രിപാല്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."