വെനിസ്വലന്‍ ജയിലില്‍ വന്‍തീപിടിത്തം; 68 മരണം
കാരക്കാസ്: വെനിസ്വലയില്‍ ജയിലിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 68 പേര്‍ വെന്തുമരിച്ചു. രാജ്യത്തെ കരാബോബോ സംസ്ഥാനത്തെ പ്രധാന നഗരമായ വലന്‍സിയയിലാണു രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. മരിച്ചവര്‍ എല്ലാവരും തടവുപുള്ളികളാണ്. ഇതില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും.
ജയില്‍ ചാടാനുള്ള ശ്രമത്തിനിടെയാണു സംഭവം. ഇതിന്റെ ഭാഗമായി തടവുപുള്ളികള്‍ പുതപ്പുകള്‍ക്കും വിരിപ്പുകള്‍ക്കും തീയിടുകയായിരുന്നു. എന്നാല്‍, തീ നിയന്ത്രിക്കാനാകാതെ ആളിപ്പടര്‍ന്നതാണു വന്‍ ദുരന്തത്തിനിടയാക്കിയത്. സംഭവമറിഞ്ഞെത്തിയ തടവുപുള്ളികളുടെ ബന്ധുക്കള്‍ ജയില്‍ വളഞ്ഞു പ്രതിഷേധിച്ചു. പിന്നീട് പൊലിസ് ടിയര്‍ഗ്യാസ് പ്രയോഗിച്ച് ഇവരെ പിന്തിരിപ്പിക്കുയായിരുന്നു.
എന്നാല്‍, എന്താണു കൃത്യമായ അപകടകാരണമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഒരു പൊലിസ് ഉദ്യോഗസ്ഥനു നേരെ തടവുപുള്ളികള്‍ വെടിവയ്ക്കുകയും തുടര്‍ന്ന് പുതപ്പുകള്‍ക്കു തീയിടുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്നാണു ദുരന്തമുണ്ടായതെന്ന് ജയിലിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ 'എ വിന്‍ഡോ ഓണ്‍ ഫ്രീഡം' അറിയിച്ചു. കൂടുതല്‍ പേരും വെന്തുമരിക്കുകയായിരുന്നു. ചിലര്‍ കനത്ത പുകമൂലം ശ്വാസതടസം നേരിട്ടും മരിച്ചു.
സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി കരാബോബോ ചീഫ് പ്രോസിക്യൂട്ടര്‍ താരിക് സാബ് അറിയിച്ചു. തീ നിയന്ത്രണവിധേയമായതായി ജയില്‍ ഉദ്യോഗസ്ഥന്‍ ജീസസ് സന്റാന്‍ഡര്‍ അറിയിച്ചു.
സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെനിസ്വലയില്‍ ഏതാനും വര്‍ഷങ്ങളായി നിരവധി ജയില്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആമസോണാസ് സംസ്ഥാനത്ത് ജയിലിലുണ്ടായ കലാപത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ജൂലൈയില്‍ ഗ്വാറിക്കോ സംസ്ഥാനത്ത് ജയിലിനകത്ത് 14 മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചുമൂടിയ നിലയിലും കണ്ടെത്തിയിരുന്നു.
2015 സെപ്റ്റംബറില്‍ രാജ്യത്ത് മറ്റൊരു ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 17 പേരാണു കൊല്ലപ്പെട്ടത്. 2013 ജനുവരിയില്‍ ബാര്‍ക്വിസിമെറ്റോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 60 തടവുപുള്ളികളും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."