കോഴിക്കോട് മെഡി. കോളജിലെ കൂട്ടത്തോല്‍വി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി
ചേവായൂര്‍ (കോഴിക്കോട്): കോഴിക്കോട് മെഡിക്കല്‍ കോളജ് അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സംഭവം സംബന്ധിച്ച് 14 ദിവസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തില്‍ ഡി.എം.ഇ ഉത്തരവ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രനു കൈമാറി.
അതേസമയം കഴിഞ്ഞ ദിവസം നടന്ന യോഗത്തിലുണ്ടായ പി.ടി.എ കമ്മിറ്റിയുടെ വികാരം പ്രിന്‍സിപ്പല്‍ വൈസ് ചാന്‍സലറെ അറിയിച്ചതായാണ് വിവരം. വി.സിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് സൂചന. സിന്‍ഡിക്കേറ്റിന്റെ തീരുമാനം അനുകൂലമാണെങ്കില്‍ പരീക്ഷയില്‍ പരാജയപ്പെട്ട 34 വിദ്യാര്‍ഥികള്‍ക്കും അടിയന്തരമായി ഒരവസരം കൂടി ലഭിക്കും. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് മൂല്യനിര്‍ണയം നടത്തിയതെന്നാണ് അധ്യാപകര്‍ പറയുന്നത്.
കേരളത്തിലെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നായി 29 കുട്ടികള്‍ പരാജയപ്പെട്ടപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മാത്രം 34 വിദ്യാര്‍ഥികള്‍ തോറ്റതാണ് വിവാദമായത്. തിയറിയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളും പ്രാക്ടിക്കല്‍ വിഷയത്തില്‍ ചെറിയ മാര്‍ക്കിനു പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."