ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ പുരോഗതി; ഒപ്പം തടസങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ പുരോഗതി. മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നതായാണ് വിവധ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മേഖലയുടെ വളര്‍ച്ചയ്ക്കു വിവിധ രീതിയിലുള്ള തടസങ്ങളും നേരിടുന്നുണ്ട്.
സ്വകാര്യ മത്സ്യകൃഷി സംരംഭകരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. മത്സ്യകൃഷിക്കായി ഏറ്റെടുത്ത വ്യക്തിഗത കുളങ്ങളും ടാങ്കുകളും 80 ശതമാനം വരെ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഉള്‍നാടന്‍ മത്സ്യകൃഷി സംബന്ധിച്ച നിയമസഭാ സമിതിക്കു ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച വിവരം.
അതേസമയം പലതരം പ്രതികൂല സാഹചര്യങ്ങളും വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടെന്ന വിവരവും സമിതിക്ക് ലഭിച്ചിട്ടുണ്ട്. ആവശ്യത്തിനു മത്സ്യവിത്തുകള്‍ ലഭിക്കാത്തതും ജലാശയങ്ങളിലെ മാലിന്യവുമാണ് ഇതില്‍ പ്രധാനം. സംസ്ഥാനത്ത് ആവശ്യമുള്ള മത്സ്യവിത്തുകളുടെ 20 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്.
ഇതു പരിഹരിക്കാന്‍ കൂടുതല്‍ മത്സ്യവിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിഗത കുളങ്ങള്‍ക്കും ടാങ്കുകള്‍ക്കും പുറമെ മത്സ്യകൃഷിക്ക് പുഴകളെയും മറ്റു ജലാശയങ്ങളെയും ആശ്രയിക്കാം. എന്നാല്‍ മിക്ക പുഴകളും ജലാശയങ്ങളും മലിനമായത് ഇതിനു തടസം സൃഷ്ടിക്കുകയാണ്.
പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ മത്സ്യകൃഷിയില്‍ പുരോഗതി കൈവരിക്കാനാവൂ എന്നു സമിതി വിലയിരുത്തി. മാലിന്യമുക്തമാക്കുകയും പുഴകളിലെ നീരൊഴുക്ക് കൂട്ടുകയും ചെയ്ത ശേഷം ഓരോ പ്രദേശങ്ങളിലും കിട്ടാവുന്നത്ര മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ അതതു പ്രദേശങ്ങളിലെ ഫിഷറീസ് അധികൃതര്‍ ശ്രമിക്കണമെന്ന ശുപാര്‍ശയും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
വനം വകുപ്പിന്റെ നിയന്ത്രണ പരിധിയിലുള്ള ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യങ്ങളെ മാത്രമേ കൃഷി ചെയ്യാന്‍ പാടുള്ളൂവെന്ന വനം വകുപ്പിന്റെ ഉത്തരവും മത്സ്യകൃഷി മേഖലയുടെ വളര്‍ച്ചയ്ക്കു തടസമാണ്.
ആവശ്യത്തിന് തദ്ദേശീയ മത്സ്യവിത്തുകള്‍ ലഭ്യമല്ലാത്തതിനാല്‍ ജലാശയങ്ങളില്‍ കൃഷി സാധ്യമാകില്ല. തദ്ദേശീയമല്ലാത്ത മത്സ്യങ്ങളെ കൃഷി ചെയ്യാന്‍ പാടില്ലെന്ന ഉത്തരവിലെ വ്യവസ്ഥയ്ക്കു പകരം തദ്ദേശീയമായ മത്സ്യങ്ങള്‍ക്ക് ഹാനികരമായ മറ്റു തരം മത്സ്യങ്ങളെ വളര്‍ത്താന്‍ പാടില്ലെന്ന ഭേദഗതി വരുത്താന്‍ സമിതി ശുപാര്‍ശ ചെയ്തു. മത്സ്യക്കുഞ്ഞുങ്ങളെ പുഴകളിലോ കായലുകളിലോ നിക്ഷേപിച്ചതിനു ശേഷം അവയുടെ എണ്ണത്തിന് ആനുപാതികമായി മത്സ്യസമ്പത്ത് വര്‍ധിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തതും മേഖലയുടെ പുരോഗതിക്കു തടസമാകുന്നതായി സമിതി കണ്ടെത്തി. ഇതിനായി പ്രത്യേക സ്‌കാഡുകള്‍ രൂപീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."