അനധികൃത സര്‍വിസ്: പിഴ ഇരട്ടിയാക്കി മോട്ടോര്‍വാഹന വകുപ്പ്
മുക്കം: കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ നികുതിയടക്കാതെ സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്നത് തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇങ്ങനെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ നിയമപ്രകാരം നല്‍ക്കേണ്ട നികുതിയുടെ ഇരട്ടി അടയ്‌ക്കേണ്ടിവരും.
ഇതടക്കം 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ നികുതി പിരിക്കേണ്ടതിനെ സംബന്ധിച്ചുള്ള ഫിനാന്‍സ് ബില്‍ നിര്‍ദേശങ്ങള്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍, പെട്രോള്‍ ഡീസല്‍ ഇന്ധനങ്ങള്‍ ഒഴികെ എല്‍.പി.ജി, സി.എന്‍.ജി ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് 2000 രൂപ നിരക്കിലാണ് ഇനി നികുതി ഈടാക്കുക.
എന്നാല്‍ ഇത്തരത്തിലുള്ള പഴയ വാഹനങ്ങളില്‍നിന്ന് ഒരു വര്‍ഷത്തേക്ക് 460 രൂപ എന്ന നിരക്കിലോ അഞ്ചു വര്‍ഷത്തേക്ക് 2000 രൂപ നിരക്കിലോ നികുതി ഈടാക്കാം. നിലവില്‍ മോട്ടോര്‍ ക്യാബുകള്‍ക്കുള്ള നിരക്കിലാണ് ഇ-റിക്ഷകളില്‍ നിന്നും നികുതി സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഇ-റിക്ഷകളെ നാല് യാത്രക്കാരില്‍ അധികം സഞ്ചരിക്കാന്‍ പറ്റാത്തതും ബാറ്ററി കൊണ്ട് ഓടുന്ന മുച്ചക്രവാഹനം എന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍വചിച്ചതിനാല്‍ ഓട്ടോറിക്ഷകള്‍ക്ക് തുല്യമായ നികുതി ഇനിമുതല്‍ അടയ്‌ക്കേണ്ടി വരും. പഴയ ഇ-റിക്ഷകളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് 500 രൂപ നിരക്കിലോ അഞ്ചുവര്‍ഷത്തേക്ക് 2000 രൂപ നിരക്കിലോ നികുതി ഈടാക്കും.
20,000 കിലോഗ്രാമിനു മുകളില്‍ ആര്‍.എല്‍.ഡബ്ല്യൂ ഉള്ള ടിപ്പര്‍ ലോറികളില്‍ നിന്ന് 7440 രൂപയും പുറമേ ഓരോ 250 കിലോഗ്രാമിനും 220 രൂപവീതവും നികുതി ഈടാക്കണമെന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."