ജെ.ജെ ആക്ട്: രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ മുന്‍പാകെ മാര്‍ച്ച് 31നകം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാതെ, ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുള്ള ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഈ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരേ പിഴ, തടവ് എന്നിവ ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ 2015ലെ ജുവൈനല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.
ജെ.ജെ. ആക്ട് കേന്ദ്ര നിയമമാണെങ്കിലും അതിലെ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. അതിനാല്‍ എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
അതേ സമയം യതീംഖാനകള്‍ ജെ.ജെ ആക്ട് പ്രകാരമുള്ള ശിശുസംരക്ഷണ സ്ഥാപനമല്ലെന്ന വാദമുന്നയിച്ച് സമസ്ത നല്‍കിയ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
യതീംഖാനകള്‍ ജെ.ജെ ആക്ട് പ്രകാരമുള്ള ശിശുസംരക്ഷണ സ്ഥാപനങ്ങളല്ലെന്ന് ഇതേകേസില്‍ കേരള സര്‍ക്കാരും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സുപ്രിംകോടതിയുടെ അന്തിമ വിധിക്ക് കാത്തിരിക്കുകയാണ് സമസ്തയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."