ചുരം ബദല്‍ റോഡ്: ടണല്‍ റോഡ് നിര്‍മാണത്തിന് സാധ്യത തെളിയുന്നു
കോഴിക്കോട്: ചുരം ബദല്‍ റോഡിന്റെ സാധ്യത അറിയുന്നതിനായി തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ്, കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലത്ത് പരിശോധന നടത്തി.
ചിപ്പിലിത്തോടില്‍ നിന്ന് റോഡ് ആരംഭിക്കുന്നതിനായി നേരത്തെ തന്നെ പരിഗണനയിലുള്ള പ്രദേശമാണ് സംഘം പരിശോധിച്ചത്.
ടണല്‍ റോഡ് നിര്‍മിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കും. അതേസമയം റോഡ് സാധ്യമാക്കുന്നതിനായി 12 ഹെക്ടര്‍ വനഭൂമി ആവശ്യമായി വന്നേക്കും. എന്നാല്‍ ഇതിനുള്ള അനുമതി ലഭിക്കേണ്ടത് കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ്.
ടണല്‍ റോഡിന്റെ സാധ്യത തെളിഞ്ഞാല്‍ വനഭൂമിയുടെ അളവു കുറയും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ ഇതിനുവേണ്ടി ശ്രമം നടത്തുമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ പറഞ്ഞു. ചിപ്പിലിത്തോടില്‍ നിന്ന് വനാതിര്‍ത്തി വരെയുള്ള നാലു കിലോമീറ്റര്‍ റോഡ് ജില്ലാ പഞ്ചായത്ത് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള നിവേദനം പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
1991ല്‍ തുടങ്ങിയതാണ് ചുരം ബൈപാസ് റോഡിനുള്ള ശ്രമം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നേരത്തെ വിശദമായ സര്‍വേ നടത്തിയിരുന്നു.
താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കൂട്ടായ ശ്രമത്തിനു വീണ്ടും സാഹചര്യമൊരുങ്ങിയത്.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഡി ജോസഫ്, അന്നമ്മ മാത്യു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഒതയോത്ത് അഷ്‌റഫ്, ലീലാമ്മ മംഗലത്ത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."