വഡോദരയില്‍ മുസ്‌ലിംകള്‍ താമസിക്കുന്നതിനെതിരേ പ്രദേശവാസികള്‍
ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദരയില്‍ മുസ്‌ലിംകള്‍ താമസിക്കുന്നതിനെതിരേ പ്രദേശവാസികള്‍ മുനിസിപ്പല്‍ അധികൃതര്‍ക്കു പരാതി നല്‍കി. വംശഹത്യക്കാലത്ത് പലായനം ചെയ്യേണ്ടിവന്ന മുസ്‌ലിംകളെ പുനരധിവസിപ്പിക്കുന്നതിനെതിരേയാണു പ്രദേശവാസികള്‍ അധികൃതര്‍ക്കു കത്തെഴുതിയത്. വഡോദരയ്ക്കടുത്തുള്ള കപൂറായിയിലാണ് ഇവരെ പുനരധിവസിപ്പിക്കേണ്ടത്. എന്നാല്‍ മുസ്‌ലിംകള്‍ ഇവിടെ താമസിക്കുന്നത് പ്രദേശത്തെ സമാധാനാന്തരീക്ഷത്തിനു തടസമാണെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ വഡോദര മുനിസിപ്പല്‍ കോര്‍പറേഷനു കത്തു നല്‍കിയിരിക്കുകയാണ്.
കുപ്രസിദ്ധമായ ബെസ്റ്റ്‌ബേക്കറി കൂട്ടക്കൊല നടന്ന ഹനുമാന്‍ തെക്രിക്കു ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് കപൂറായ്. 2002ല്‍ പലഭാഗങ്ങളില്‍ നിന്നു പലായനം ചെയ്ത മുസ്‌ലിംകള്‍ സുലൈമാന്‍ ചാവിലെ ചേരിയില്‍ താമസമാക്കുകയായിരുന്നു. ചേരിരഹിത വഡോദര പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച ഇവരുടെ വീടുകള്‍ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കി. 318 വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. 218 കുടുംബങ്ങള്‍ക്ക് നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി വീടുകള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കു വീടു നല്‍കാനുള്ള നടപടികള്‍ നടക്കുന്നുമുണ്ട്. ഇതിനിടയില്‍ വീടുകള്‍ പൊളിച്ചു നീക്കുകയും ചെയ്തു.
ഇതിനിടയിലാണ് കപൂറായ് വാസികള്‍ മുസ്‌ലിംകളെ അങ്ങോട്ട് പ്രവേശിപ്പിക്കരുതെന്ന നിരവധി പേര്‍ ഒപ്പിട്ട നിവേദനവുമായി എത്തിയത്. 40 വര്‍ഷമായി നഗരത്തിന് തലവേദനയായ സുലൈമാന്‍ ചാവ് പൊളിച്ചതു സന്തോഷിക്കേണ്ട കാര്യമാണ്. എന്നാല്‍ അവിടെയുള്ള മുസ്‌ലിംകളെ കപൂറായിലേക്ക് പുനരധിവസിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഏഴു വര്‍ഷങ്ങളായി കപൂറായി ആഡംബര മേഖലയായി വികസിച്ചു വന്നിട്ടുണ്ട്. മുസ്‌ലിംകളെ അവിടെ പ്രവേശിപ്പിക്കുന്നത് സമാധാനാന്തരീക്ഷത്തിന് ഭംഗമാവുമെന്നു നിവേദനത്തില്‍ പറയുന്നു. മുസ്‌ലിംകള്‍ സാമൂഹ്യവിരുദ്ധരാണെന്നും മറ്റുള്ളവരെ ആക്ഷേപിക്കുന്നവരാണെന്നും നിവേദനത്തില്‍ പറയുന്നു. അവര്‍ ഇവിടെ താമസമാക്കിയാല്‍ കലാപം, അക്രമം, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവയുണ്ടാകും. ഈ സാഹചര്യത്തില്‍ മുസ്‌ലിംകളെ അവരുടെ പ്രദേശങ്ങളില്‍ മാത്രമേ പുനരധിവസിപ്പിക്കാന്‍ പാടുള്ളൂ എന്നും നിവേദനം ആവശ്യപ്പെടുന്നു. സുലൈമാന്‍ ചാവിലെ മുസ്്‌ലിം സ്ത്രീകളാണ് സമീപപ്രദേശങ്ങളിലെ സമ്പന്ന ഹിന്ദു വീടുകളില്‍ ജോലി ചെയ്യുന്നത്. അപ്പോഴില്ലാത്ത സുരക്ഷാ പ്രശ്‌നം ഇപ്പോള്‍ എങ്ങനെയുണ്ടാകുമെന്നും മുസ്‌ലിംകള്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."