മുടിക്കോട് മഹല്ല് ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു
മഞ്ചേരി: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഓഗസ്റ്റ് നാലു മുതല്‍ അടച്ചുപൂട്ടിയ മുടിക്കോട് മഹല്ല് ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഇരുവിഭാഗം നേതൃത്വവും നിയോഗിച്ച എട്ട് അംഗങ്ങളും മധ്യസ്ഥന്‍മാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാവിലെ 9.30നാണ് പള്ളിയുടെ റസീവര്‍ ചുമതല വഹിച്ചിരുന്ന ഇ. അലവിയുടെ നേതൃത്വത്തില്‍ പള്ളി തുറന്നത്.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് ഒത്തു തീര്‍പ്പാക്കി പള്ളിതുറക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ ഇരു വിഭാഗത്തെയും പ്രതിനിധീകരിച്ച് എ.വി അബ്ദുറഹിമാന്‍ ഫൈസി നന്തി, കെ. ഉമര്‍ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹ്മ്മദ് നദ്‌വി, അബ്ദുല്‍ഹമീദ്‌ഫൈസി അമ്പലക്കടവ് (സമസ്ത), കെ. അഹമദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് (എ.പി വിഭാഗം ) എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ഇ.എന്‍ അബ്ദുല്‍ലത്തീഫ് ( കണ്‍വീനര്‍) എന്നിവരായിരുന്നു മധ്യസ്ഥന്‍മാര്‍.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും താല്‍ക്കാലിക ചുമതല വഹിക്കുക. നിസാര്‍ മുസ്‌ലിയാര്‍ ഓളിക്കല്‍ കണ്‍വീനറായും എം.എം കുഞ്ഞഹമ്മദ് ജോയിന്റ് കണ്‍വീനറായും എം.പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുലത്തീഫ് മുസ്‌ലിയാര്‍, മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ അംഗങ്ങളായതുമാണ് അഡ്‌ഹോക്ക് കമ്മിറ്റി. പള്ളി തുറക്കുന്നതിനു സാക്ഷികളാവാന്‍ നൂറുകണക്കിനു വിശ്വാസികള്‍ ഇന്നലെ രാവിലെ മുതല്‍ സ്ഥലത്തെത്തിയിരുന്നു. ഇന്ന് മുതല്‍ പള്ളിയില്‍ ജുമുഅ നിസ്‌ക്കാരം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."