മെഡി. കോളജ് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍
ചേവായൂര്‍: കാത്തിരിപ്പിനൊടുവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിക്ക് ഏപ്രില്‍ ഒന്നിനു തുടക്കമാകും. ആദ്യഘട്ടമെന്ന നിലയില്‍ ഒ.പി വിഭാഗത്തിലാണു പദ്ധതി ആരംഭിക്കുക. ഒരുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. 2016ല്‍ രൂപരേഖ തയാറാക്കുകയും 2017ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്ത പദ്ധതി നടപ്പാക്കാത്തതു സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. പൂര്‍ണമായി നടപ്പാക്കിയാല്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സഹായകമായ പദ്ധതിയാണിത്.
ഏപ്രില്‍ ഒന്നു മുതല്‍ ഒ.പിയിലെത്തുന്ന രോഗിയെ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിക്കൊണ്ടാണ് തുടക്കം. നിലവിലെ ഒ.പി ടിക്കറ്റ് നല്‍കുന്നതിനു പകരം രോഗിയുടെ കൃത്യമായ പേരും മേല്‍വിലാസവും കംപ്യൂട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം രോഗിക്ക് യു.എച്ച്.ഐ.ഡി എന്ന പേരില്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും.
തുടര്‍ന്ന് ഈ തിരിച്ചറിയല്‍ നമ്പറുപയോഗിച്ചാണ് രോഗി മെഡിക്കല്‍ കോളജില്‍ ആജീവനാന്തം ചികിത്സ തേടേണ്ടത്. ചികിത്സയ്ക്കായി രോഗി ആശുപത്രിയിലെത്തുമ്പോള്‍ ഈ നമ്പര്‍ പ്രകാരം രോഗവിവരങ്ങളെല്ലാം ഡിജിറ്റല്‍ സംവിധാനത്തില്‍ ഡോക്ടര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ചികിത്സ തേടി ഒ.പിയിലെത്തുന്നവര്‍ ശരിയായ മേല്‍വിലാസം നല്‍കാന്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കരുതുന്നത് നല്ലതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിനെ എയിംസിന്റെ നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആര്‍ദ്രം എന്ന പേരില്‍ ഇ-ഹോസ്പിറ്റല്‍ പദ്ധതി തുടങ്ങുന്നത്. നിരവധി പരിഷ്‌കാരങ്ങളാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനപ്പെടുന്നതോടൊപ്പം അഴിമതിക്ക് അവസരമുണ്ടാകില്ല എന്നതും പദ്ധതിയുടെ നേട്ടമാണ്.
ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളെയും ഒ.പിയിലെത്തുന്ന രോഗികളെയും കൂടാതെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒരു സോഫ്റ്റ്‌വെയറിനു കീഴില്‍ കൊണ്ടുവരികയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഒ.പി പൂര്‍ണമായും ശീതീകരിക്കുമെന്നും രണ്ടായി തരംതിരിച്ച് രോഗികള്‍ക്ക് ചികിത്സയൊരുക്കുമെന്നും ആവശ്യമായ ഇരിപ്പിടം, ബാത്ത്‌റൂം, കുടിവെള്ള സംവിധാനം എന്നിവ സജ്ജീകരിക്കുമെന്നും പദ്ധതിയില്‍ പറയുന്നു. തറ ഭാഗത്തെ ടൈലുകള്‍ക്ക് പ്രത്യേക നിറം നല്‍കി എക്‌സ്‌റേ, സ്‌കാനിങ്, ലാബ് തുടങ്ങിയ പരിശോധനാ കേന്ദ്രങ്ങളിലേക്കു വഴിയൊരുക്കുന്ന സിഗ്‌നേജ് സംവിധാനവും പദ്ധതിയിലുണ്ട്.
9.27കോടി ഇതിനായി മാറ്റിവച്ചിരുന്നു. പദ്ധതി പൂര്‍ണ രീതിയില്‍ നടപ്പാക്കാനാവശ്യമായ അടിയന്തര നടപടിയാണിനിയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."