ചൂടേറുന്നു; ഭീഷണിയായി മഞ്ഞപ്പിത്തവും
കണ്ണൂര്‍: കൊടുംചൂടില്‍ ജനം ഉരുകുന്നതിനിടെ വേനല്‍ക്കാല രോഗങ്ങളും പടരുന്നു. മഞ്ഞപ്പിത്തം, കണ്ണ്‌രോഗം, ചിക്കന്‍പോക്‌സ് എന്നിവയാണ് സാധാരണയായി വേനല്‍ക്കാലത്ത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ ഇത്തവണ മഞ്ഞപ്പിത്ത ബാധ പലയിടത്തും വര്‍ധിക്കുന്നതായാണ് സൂചന. ജില്ലയില്‍ ചിറ്റാരിപ്പറമ്പ്, കോളയാട് പെരുവ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് ചിറ്റാരിപ്പറമ്പ് പ്രദേശത്തു നിന്ന് 36 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സ തേടിയത്. പെരുവയില്‍ 12 പേരും ചികിത്സ തേടിയിരിക്കുകയാണ്. മലിനജലം വഴിയാണ് ഹെപ്പറ്റൈറ്റിസ് എ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. പൊതുവെ മാരകല്ല. മരുന്നും ചിട്ടയായ ഭക്ഷണശീലവും കൊണ്ട് പൂര്‍ണമായും മാറ്റിയെടുക്കാവുന്ന അസുഖമാണിത്. വിഷയത്തില്‍ ജില്ലാ ആരോഗ്യവിഭാഗം ഊര്‍ജിതമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടെയും ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചിറ്റാരിപ്പറമ്പ് മേഖലയിലെ വീടുകളില്‍ ബോധവല്‍ക്കരണം നടത്തിക്കഴിഞ്ഞു. നാളെയും സ്‌ക്വാഡ് പ്രവര്‍ത്തനം തുടരും. നോട്ടിസുകളിലൂടെയും മറ്റും പൊതുജനങ്ങള്‍ക്ക് അസുഖത്തിന്റെ രീതിയും നിവാരണ മാര്‍ഗങ്ങളും ബോധ്യപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പേരിലേക്ക് അസുഖം പടരുന്നത് തടയുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും നിലവില്‍ ചികിത്സയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."