കുളങ്ങാട്ട് മലയിലെ ജൈവ വൈവിധ്യം കത്തിയമരുന്നു
ചെറുവത്തൂര്‍: കൈതക്കാട് കുളങ്ങാട്ട് മലയില്‍ അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തത്തില്‍ സസ്യസമ്പത്ത് വ്യാപകമായി നശിക്കുന്നു. ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ സസ്യങ്ങളുടെ കലവറയാണ് ഇവിടം. കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഏക്കറുകളോളം സ്ഥലം പൂര്‍ണമായും കത്തിയമര്‍ന്നു. തീപ്പിടിത്തം മലയുടെ അടിവാരത്തില്‍ താമസിക്കുന്ന കുടുംബങ്ങളെയും ആശങ്കയിലാക്കുന്നു. കുന്നിനു മുകളിലേക്കു റോഡ് സംവിധാനമില്ലാത്തതിനാല്‍ ഫയര്‍ ഫോഴ്‌സ് എത്തിയാലും നോക്കിനില്‍ക്കാനേ സാധിക്കാറുള്ളൂ.
വേനല്‍ക്കാലമായാല്‍ ഇവിടെ തീപ്പിടിത്തം പതിവാണ്. ഉണങ്ങിയ പാറപ്പുല്ലുകള്‍ ഏറെയുള്ളതിനാല്‍ തീ അതിവേഗം പടരുന്നു. വെള്ളമെത്തിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ പച്ചിലകളും മറ്റും ഉപയോഗിച്ചു തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ എങ്ങും എത്താറില്ല. തീ പടര്‍ന്നു 14 മണിക്കൂറോളം കത്തിയ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്മൃതിവനം പദ്ധതിയുടെ ഭാഗമായി നട്ട മരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തത്തില്‍ നശിച്ചു. മയിലുകളുടെ താവളം കൂടിയാണ് ഈ മല. അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തം ഇവയ്ക്കും ഭീഷണിയാകുന്നു. ആളുകള്‍ അധികം എത്താറില്ല എന്നതിനാല്‍ സാമൂഹ വിരുദ്ധരുടെ താവളമാണിവിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."