HOME
DETAILS

തിങ്കളും താരങ്ങളും

  
backup
June 03 2016 | 12:06 PM

vidhyaprabhaatham

പഠനത്തില്‍ വിജയം നേടണമെങ്കില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടാവണം.  ലക്ഷ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്.  താല്‍കാലിക ലക്ഷ്യങ്ങളും ആത്യന്തിക ലക്ഷ്യങ്ങളും.  ഓണപ്പരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും വേണ്ടി പഠിക്കുന്നത് താല്‍ക്കാലിക ലക്ഷ്യങ്ങളാകുമ്പോള്‍ വാര്‍ഷിക പരീക്ഷയാണ് ആത്യന്തിക ലക്ഷ്യം.  വിദ്യാര്‍ഥി ജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കുക എന്നത് പഠനകാലത്തെ ആത്യന്തിക ലക്ഷ്യമാണ്.  
ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാലങ്ങളാണ് ഹൃസ്വകാല ലക്ഷ്യങ്ങള്‍.  നിങ്ങള്‍ ലക്ഷ്യത്തെക്കുറിച്ച് ബോധവാനാണെങ്കില്‍ സ്വയം ചോദിക്കുക.

ഞാന്‍ ആരാണ്?,  എന്റെ ലക്ഷ്യം എന്ത്?,  എനിക്ക് സ്വപ്‌നം ഉണ്ടോ?, എനിക്ക് ആഗ്രഹങ്ങള്‍ ഉണ്ടോ?, ലക്ഷ്യം കൈവരിക്കാനായി പ്രയത്‌നിക്കാനുള്ള മനസ് ഉണ്ടോ?, ഞാന്‍ നേടും എന്ന വിശ്വാസം എനിക്കുണ്ടോ?  ഈ ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക.  മനസില്‍  ആഗ്രഹിക്കുന്ന
തെന്തും ഉറച്ച് വിശ്വസിക്കുകയും പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നേടിയെടുക്കാനാവും.  അധ്വാനിക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രമെ വിജയത്തിന്റെ മാധുര്യം ആസ്വദിക്കാന്‍ അവകാശമുള്ളൂ.  ലക്ഷ്യത്തിലേക്ക് പതറാതെ ചുവടുകള്‍വയ്ക്കുക.  ഓരോ ചുവടും ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കുകയാണ് ചെയ്യുന്നത്.


ആസ്വദിക്കുക


എന്തിനാണ് പഠിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണം. എങ്ങനെ പഠിക്കണമെന്നും അറിയണം. രാത്രി കിടക്കുന്നതിന് മുമ്പുതന്നെ അന്നന്ന് പഠിക്കുവാനുള്ളതെല്ലാം പഠിച്ചുവെന്ന് ഉറപ്പാക്കണം.  പഠനരംഗം മികച്ചതാവാന്‍ പഠനാന്തരീക്ഷവും നല്ലതാവണം. ഗൃഹപഠനത്തിനായി പ്രത്യേക സ്ഥലം ഒരുക്കണം. കുടുംബാംഗങ്ങളുടെ പൊതുസംസാരങ്ങളും നിരന്തരമായ ഇടപെടലുകളും ഇലക്‌ട്രോണിക് മീഡിയകളും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ഗൃഹ പഠനത്തിനായി നിശ്ചയിക്കുന്നത് ഉചിതമല്ല.  നല്ല പഠനോപകരണങ്ങളും മികച്ച ഭക്ഷണവും പ്രശസ്തമായ വിദ്യാലയവും മാത്രം കുട്ടിയെ പഠനത്തില്‍ ഉന്നതിയില്‍ എത്തിക്കില്ല. പഠിക്കാന്‍ ഏറ്റവും ആവശ്യമുള്ളത് പ്രചോദമാണ്.  പഠനം ശരിയായി നടക്കണമെങ്കില്‍ ശരിയായ പഠനമാര്‍ഗങ്ങള്‍ പിന്തുടരേണ്ടതുണ്ട്.  ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ അതീവ ശ്രദ്ധയോടെ കേള്‍ക്കണം. സംശയനിവാരണം നടത്തണം. പഠിക്കുമ്പോള്‍ പ്രധാനപ്പെട്ട പോയിന്റുകള്‍  ഒരു
നോട്ടുബുക്കില്‍ വൃത്തിയായി എഴുതി സൂക്ഷിക്കുക.  പ്രധാനപ്പെട്ട സൂത്രവാക്യങ്ങള്‍, ഡയഗ്രങ്ങള്‍, ചിത്രങ്ങള്‍, കണക്കുകള്‍, ഭൂപടങ്ങള്‍ എന്നിവ ചാര്‍ട്ടിലാക്കി കാണാവുന്നവിധത്തില്‍ പഠനമുറിയില്‍ തൂക്കിയിടുകയും സമയം കിട്ടുമ്പോഴൊക്കെ ആവര്‍ത്തിച്ച് വായിച്ച് മനസിലുറപ്പിക്കുകയും വേണം.   
പഠനം ആസ്വാദ്യകരമാവണം.  പാടുന്നവര്‍ ആസ്വദിക്കുന്നതുപോലെ, നൃത്തം ചെയ്യുന്നവര്‍ ആനന്ദിക്കുന്നതുപോലെ, അത്‌ലറ്റുകള്‍ വിയര്‍പ്പില്‍ ആഹ്ലാദിക്കുന്നതുപോലെ പഠനത്തേയും സുന്ദരവും രസകരവും ആനന്ദപ്രദവുമായി അനുഭവിക്കുക.

 ടൈംടേബിള്‍

ചിട്ടയോടെ പഠിക്കാന്‍ ടൈംടേബിള്‍ അത്യാവശ്യമാണ്.  ടൈംടേബിള്‍ എന്ന വാക്കില്‍ നിന്നുതന്നെ എന്താണ് അര്‍ഥമാക്കുന്നതെന്ന് ഗ്രഹിക്കാവുന്നതാണ്. ഓരോന്നിനും ഓരോ സമയം. കുളിക്കുന്നതിന്, പഠിക്കുന്നതിന്, കളിക്കുന്നതിന്, ടി.വി. കാണുന്നതിന്, ഉറങ്ങുന്നതിന്  ഒക്കെ ഒരു സ്ഥിരം സമയം വേണം.  ദിവസവും ഒരു നിശ്ചിത സമയം പഠനത്തിനായി നീക്കിവെക്കുമെന്ന് ആദ്യമെ തീരുമാനിക്കണം.  രാത്രിയോ രാവിലെയോ രണ്ടു സമയത്തുമായോ പഠിക്കാനുള്ള സമയം തീരുമാനിക്കണം.  അതൊക്കെ പഠിതാവിന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനുമനുസരിച്ചാവാം. ഒരു ദിവസത്തെ പ്രവര്‍ത്തനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കരുത്. അത് അമിത ഭാരത്തിനും പഠനത്തോട് വെറുപ്പു ജനിപ്പിക്കാനും ഇടയാക്കും. നീട്ടിവയ്ക്കുന്ന ശീലം ഒരിക്കലും ആശാവഹമല്ല. ശ്രദ്ധയോടെ കൃത്യമായി പഠിക്കുന്നതിന് ടൈംടേബിള്‍ സഹായിക്കും.     

അല്‍പം കളി, കൂടുതല്‍ പഠനം

പഠനത്തില്‍ പുരോഗതിയും മനസ്സിന് ആനന്ദവും ഉന്‍മേഷവും പ്രദാനം ചെയ്യുന്നതില്‍ കളികള്‍ക്ക് വലിയ പങ്കുണ്ട്.  അതിനാല്‍ പഠനത്തോടൊപ്പം കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരവും നല്‍കണം.  കളികളില്‍ നിന്നും അകന്നുനില്‍ക്കുന്ന കുട്ടി സാമൂഹ്യമായും ശാരീരികമായും മാനസികമായും വൈകല്യം ബാധിച്ചവരായിത്തീരാന്‍ സാധ്യതയുണ്ട്.  അതുകൊണ്ട് അല്‍പം കളിക്കാം, കൂടുതല്‍ പഠിക്കാം എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.   പഠനത്തില്‍ പുരോഗതിയുണ്ടാക്കാന്‍ കളികള്‍ക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.  സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിന്‍ലാന്റ്.  അവിടുത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് അടിസ്ഥാന കാരണം പ്രാഥമിക വിദ്യാഭ്യാസ സംവിധാനമാണ്. ഏഴുവയസ്സുവരെയുള്ള പ്രീ-സ്‌കൂള്‍ പ്രായത്തില്‍ വ്യത്യസ്ത തരം കളികളിലേര്‍പ്പെടുകയാണ് ഫിന്‍ലാന്റിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രത്യേകത. 45 മിനുറ്റ് ദൈര്‍ഘ്യമുള്ള ഓരോ പിരീഡിനുശേഷം 15 മിനുറ്റ് കുട്ടികളെ കളിക്കാന്‍ അനുവദിക്കുന്നു.  20 മിനുറ്റില്‍ കൂടുതല്‍ പ്രത്യേകിച്ച് ശാരീരിക ചലനങ്ങളൊന്നുമില്ലാതെ ഒരിടത്തിരുന്നാല്‍ മസ്തിഷ്‌കത്തിനാവശ്യമായ ഓക്‌സിജനും ഗ്ലൂക്കോസും ലഭിക്കാതെ വരുമെന്ന് ശാസ്ത്രം പഠിപ്പിക്കുന്നു.
കായികവിനോദം കൊണ്ട് ബുദ്ധിവളര്‍ച്ചയും ശാരീരിക-മാനസിക വളര്‍ച്ചയും ലഭിക്കുന്നു.  കളിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമൊക്കെ മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുന്നതാണ് ഇതിന് കാരണം.  മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജനും ഗ്ലാക്കോസും അധികമായി ലഭിക്കും. ഇത് മികച്ച ഏകാഗ്രതക്കും ഉന്‍മേഷത്തിനും സഹായിക്കും. പഠനഭാരവും മറ്റുമായി കുട്ടികളിലുണ്ടാകുന്ന മാനസികപിരിമുറുക്കത്തിന് അയവ് വരുത്താനും സഹായിക്കും. ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ഏകോപനം, ശ്രദ്ധ, നിയന്ത്രണശേഷി എന്നിവ മെച്ചമാകും. ടീം സ്പിരിറ്റ് ഉണ്ടാകും. പരാജയത്തെയും വിജയത്തെയും പുഞ്ചിരിയോടെ സ്വീകരിക്കാനുള്ള പരിശീലനം പിഞ്ചുഹൃദയങ്ങള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ലഭിക്കുമെന്നതും കളികളുടെ പ്രാധാന്യം വിളിച്ചോതുന്നു.


മൊബൈല്‍ ഫോണ്‍ വേണ്ട

ചെറുപ്രായത്തിലെ അമിതമായ ടെക്‌നോളജി ഉപയോഗം ബുദ്ധിവളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  അതുകൊണ്ടുതന്നെ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനും സി.ഇ.ഒ. യുമായിരുന്ന സ്റ്റീവ് ജോബ്‌സ് തന്റെ മക്കള്‍ക്ക് ഐ-പാഡോ, മൊബൈല്‍ഫോണോ നല്‍കിയിരുന്നില്ല എന്ന വസ്തുത രക്ഷിതാക്കള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളണം.
ഇന്റര്‍നെറ്റിന്റെയും ഫേസ്ബുക്കിന്റെയും ബ്ലോഗിന്റെയും വാട്‌സ്ആപ്പിന്റെയും വര്‍ത്തമാനകാലം സാധ്യതകളും ചൂഷണങ്ങളും നിറഞ്ഞതുമാണ്. ചതിക്കുഴികള്‍ എവിടെയും കാത്തിരിക്കുന്നുണ്ട്. പ്രണയത്തിന്റെ റിങ്‌ടോണ്‍ മുഴങ്ങുന്ന മൊബൈലില്‍ മുതല്‍ പ്രശസ്തിയുടെ പരവതാനി വിരിക്കുന്ന ടെലിവിഷനില്‍ വരെ അപകടങ്ങള്‍ പതിയിരിപ്പുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ ടാബ്‌ലറ്റുകള്‍  മാത്രമാവുകയും വീഡിയോ ഗെയിമുകളിലും ഇന്റര്‍നെറ്റിലും മാത്രം മുഴുകുകയും ചെയ്യുന്ന തലമുറ സമീപഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളെ നേരിടേണ്ടിവരുമെന്ന യാഥാര്‍ഥ്യത്തിന് നേരെ മുതിര്‍ന്നവര്‍ മുഖം തിരിഞ്ഞു നില്‍ക്കരുത്.  രാത്രി മുഴുവന്‍ മകന്‍മകള്‍ കമ്പ്യൂട്ടറിന് മുമ്പിലാണ് എന്ന് അഭിമാനത്തോടെ വിവരിക്കുന്ന രക്ഷിതാവ് ഇന്റര്‍നെറ്റ് ഒരു വിജ്ഞാനസ്രോതസ്സ് മാത്രമല്ല എന്ന് ഓര്‍ക്കണം.  മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം വിസ്മരിക്കരുത്.  അപാരമായ സാധ്യതകളുടെ ആകാശം തുറന്നിടുന്ന ഇന്റര്‍നെറ്റിലെ സാധ്യതകളെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാനും ജാഗ്രത പാലിക്കണം.

മാതാപിതാക്കള്‍

കുട്ടികള്‍ക്ക് പഠനത്തിന് പ്രേരണയും  പ്രചോദനവും നല്‍കേണ്ടത് മാതാപിതാക്കളാണ്.  കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യം അമ്മമാര്‍ ശ്രദ്ധിക്കണം.  അമ്മയാണ് ആദ്യത്തെ ഗുരു. സ്‌നേഹത്തിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്ന് പഠിക്കണം. ധാരാളം ഊര്‍ജ്ജം ആവശ്യമുള്ള കാലമാണ്  പഠനകാലം. ശരീരത്തിനും മസ്തിഷ്‌കത്തിനും തകരാറുണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം.  മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യരുത്.  അന്യരുടെ കുട്ടികളുമായി താരതമ്യം ചെയ്യുന്നതിനേക്കാള്‍ ആരോഗ്യകരമാണ് കുട്ടികളുടെ ഇന്നലെകളും ഇന്നും താരതമ്യം ചെയ്യുന്നത്.  അവരുടെ വളര്‍ച്ചയിലെ ഓരോ പടവും ചലനവും സൂക്ഷ്മമായി വിലയിരുത്തണം.  അവരെ പ്രോത്സാഹിപ്പിക്കുകയും വിലക്കുകുയും തിരുത്തുകയും ചെയ്ത്‌കൊണ്ട് ജീവിതം മുന്നില്‍ നിന്ന് നയിക്കണം.  വീട്ടില്‍ നിന്ന് പുറപ്പെടുന്ന കുട്ടി സ്‌കൂളില്‍ ഉണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.  രക്ഷിതാക്കള്‍ വീട്ടിലെ അധ്യാപകരാണ്.  വീട്ടില്‍ അച്ചടക്കക്കാരനാവാന്‍ സ്‌കൂളിനെക്കുറിച്ച് പേടിപ്പിക്കുന്ന കഥകളൊന്നും കുട്ടികള്‍ക്ക് പറഞ്ഞ്‌കൊടുക്കരുത്.  അധ്യാപകര്‍ സ്‌കൂളിലെ രക്ഷകര്‍ത്താക്കള്‍ കൂടിയാണ്.  കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് രക്ഷിതാക്കളുടെ സ്‌നേഹം നിറഞ്ഞ സമീപനം.
കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ക്ക് നിര്‍ണായകമായ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.  മിച്ചിഗണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡുക്കേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത് കുട്ടികളുടെ പഠനകാര്യത്തില്‍ എത്രനേരത്തെ രക്ഷിതാക്കള്‍ ഇടപെട്ട് തുടങ്ങുന്നുവോ അത്രകണ്ട് ഗുണം കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തില്‍ ലഭിക്കുമെന്നാണ്.  സൗത്ത് വെസ്റ്റ് എഡുക്കേഷന്‍ ഡവലപ്‌മെന്റ് ലബോറട്ടറി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്, പഠനകാര്യത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധ ലഭിക്കുന്ന കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ ഹാജരാകുകയും സ്‌കൂള്‍ അന്തരീക്ഷവുമായി എളുപ്പത്തില്‍ ഇഴുകിച്ചേരുകയും അതുവഴി ജീവിതത്തില്‍ ഉന്നത നേട്ടം കൈവരിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ പഠനകാര്യത്തില്‍ ഇടപെടുമ്പോള്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നു.  പുകവലി, മയക്കുമരുന്നുപയോഗം തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മനോഭാവമുണ്ടാകുന്നു.  കുറ്റവാസന കുറയുന്നു.  അച്ചടക്കം ഉണ്ടാകുന്നു.  സമൂഹത്തില്‍ ഉന്നത വ്യക്തിത്വമുള്ള പൗരനായി വളരാനുള്ള എല്ലാവിധ കഴിവുകളും കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന് ഈ പഠനം എടുത്ത്പറയുന്നു.  ഒരു വിദ്യാര്‍ത്ഥിക്ക് പഠന നേട്ടത്തിന്റെ പകുതിയും ലഭിക്കുന്നത് രക്ഷിതാക്കള്‍ ഉള്‍പ്പെടെ ക്ലാസ്മുറികള്‍ക്ക് പുറത്തുള്ളവരുമായുള്ള ആരോഗ്യകരമായ ബന്ധത്തിലൂടെയാണെന്ന്  വിദ്യാഭ്യാസ ഗവേഷകനായ റൊണാള്‍ഡ് ഫെര്‍ഗൂഡന്‍ വ്യക്തമാക്കുന്നു.  കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതോടെ, അവരുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചുവെന്ന് കരുതുന്ന രക്ഷിതാക്കളുടെ കണ്ണുതുറപ്പിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് മുകളില്‍ സൂചിപ്പിച്ചത്.

ഉറങ്ങണം

പഠനത്തോടൊപ്പം പ്രധാനമാണ് ഉറക്കവും.  ഉണര്‍ന്നിരിക്കുമ്പോഴും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും ശരീരത്തിനും മനസിനും ഉണ്ടായ ഊര്‍ജ്ജനഷ്ടം പരിഹരിക്കപ്പെടുന്നത് ഉറക്കം എന്ന പ്രക്രിയയിലൂടെയാണ്.  ദിവസവും ശരാശരി 8 മണിക്കൂര്‍ നേരം ഉറങ്ങുന്നത് പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ ഉറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.  ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുന്ന പ്രവൃത്തിയാണ് ഉറക്കം.  നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക എന്നത് ഒരു ശീലമാക്കുക.

മധുരം മലയാളം

ഏതൊരു ജനതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് മാതൃഭാഷ.  തങ്ങളുടെ ഇഷ്ടമനുസരിച്ച് ആശയപ്രകടനം നടത്തണമെങ്കില്‍ കുട്ടികള്‍ ആദ്യം മാതൃഭാഷ സ്വായത്തമാക്കണം.  എന്നാല്‍ മാതൃഭാഷയില്‍ പദപരിചയം ഉറക്കുന്നതിനുമുമ്പേ കുട്ടികള്‍ ആംഗലേയ ഭാഷ സംസാരിച്ചു തുടങ്ങണമെന്ന് ശഠിക്കുന്ന രക്ഷിതാക്കളുണ്ട്.
പൂക്കളുടെയും പൂമ്പാറ്റകളുടെയും വര്‍ണ്ണാഞ്ചിത ലോകത്ത് പാറിക്കളിക്കേണ്ട ഇളം പൈതലുകള്‍ ഇംഗ്ലീഷ് പദങ്ങള്‍ ഉരുവിടാന്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകളില്‍ തടവിലാക്കപ്പെടുന്നു.  പക്വതയെത്താത്ത പ്രായത്തില്‍ അമിതമായ പഠനഭാരം അടിച്ചേല്‍പ്പിച്ചാല്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ക്ക് വഴിയൊരുക്കും.  പരിചിതമല്ലാത്ത ഭാഷയില്‍ സംസാരിക്കാനും പെരുമാറാനും നിര്‍ബന്ധിതരാകുന്ന കുരുന്നുകളുടെ മനസ്സ് മാതാപിതാക്കള്‍ കാണാതെപോകുന്നു.
മാതൃഭാഷയില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടാതെ ഇതരഭാഷകളില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കുന്നതിലെ അനൗചിത്യം അവരറിയാതെ പോകുന്നു.  ചെറുപ്രായത്തില്‍ കുട്ടികള്‍ മലയാളം പഠിക്കണം. ലോകത്തില്‍ വേറൊരു രാജ്യത്തും മാതൃഭാഷയെ തള്ളിക്കളഞ്ഞ് മറ്റ് ഭാഷയ്ക്ക് പ്രൈമറി തലത്തില്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. ഇന്ന് ബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍ മാതൃഭാഷയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് പകര്‍ന്ന് നല്‍കുന്നത്.  മാതൃഭാഷയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുകതന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago