റേഷന്‍ വ്യാപാരിയുടെ കെട്ടിടത്തില്‍ നിന്ന് ഒന്നര ടണ്ണിലധികം റേഷന്‍ സാധനങ്ങള്‍ പിടിച്ചു
ഈരാററുപേട്ട:റേഷന്‍ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് ഒന്നര ടണ്ണിലധികം റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പൂഞ്ഞാര്‍ കുന്നോന്നിയിലെ റേഷന്‍ വ്യാപാരിയായ കുറ്റിക്കാട്ട് കെ.ആര്‍.ശശിധരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നാണ് 1514 കിലോ റേഷന്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ പിടികൂടിയത്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട സാധനങ്ങളാണു കടയില്‍ സൂക്ഷിച്ചിരുന്നത്. സിവില്‍ സപ്ലൈസിന്റെ ചാക്കുകള്‍ നീക്കംചെയ്തു മറ്റു ചാക്കുകളിലാണു സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. വാതില്‍പ്പടി വിതരണം അടക്കം റേഷന്‍ വിതരണം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഇത്രയമുമധികം സാധനങ്ങള്‍ കണ്ടെത്തിയതെന്നത് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇത്രയേറെ സാധനങ്ങള്‍ എങ്ങനെ ഇവിടെയത്തിച്ചു എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
ജില്ലാ സപ്ലൈ ഓഫീസര്‍ എംഡി ശ്രീലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ സപ്ലൈ ഓഫിസിലെ വി.പി.ദിവാകരന്‍, മീനച്ചില്‍ താലൂക്കു സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥരായ തരുണ്‍ തമ്പി, എ.പ്രകാശ് എന്നിവരും പരിശോധനയ്ക്കു നേതൃത്വംനല്‍കി. പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങള്‍ മറ്റൊരു കടയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ സപ്ലൈ ഓഫിസറുടെ റിപ്പോര്‍ട്ട് തയാറാക്കി കലക്ടര്‍ക്കു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."