ജ്വല്ലറികളില്‍ മോഷണം: തമിഴ്നാട് സ്വദേശിയും കൂട്ടാളിയും പിടിയില്‍
കൊണ്ടോട്ടി: ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന കയറി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തുന്ന രണ്ടംഗ സംഘം കൊണ്ടോട്ടി പൊലിസിന്റെ പിടിയിലായി.
തമിഴ്നാട് തിരുപ്പത്തൂര്‍ സ്വദേശി ഫക്കീര്‍ ഹസന്(42), കൂട്ടാളി ഷൊര്‍ണൂര്‍ സ്വദേശി ചന്ദ്രന് എന്ന മജീദ്(52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാലു മാസം മുന്‍പ് കൊണ്ടോട്ടിയിലെ പ്രിന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏഴ്പവന് സ്വര്‍ണം മോഷണം പോയ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
2016ല്‍ പെരുമ്പടപ്പ് അനുഗ്രഹ ജ്വല്ലറിയില്‍ നിന്ന് നാല് പവനും പരപ്പനങ്ങാടി അച്ചൂട്ടി സണ്‍സില്‍ നിന്ന് 12 പവനും ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചിരുന്നു. കൊണ്ടോട്ടിയിലെ ജ്വല്ലറിയിലുള്ള സി.സി.ടി.വിയില്‍ നിന്ന് ഇവരുടെയും ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം പെരുമ്പടപ്പില്‍ വച്ചാണ് ഫക്കീര്‍ ഹസന് പൊലിസിന്റെ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൊര്‍ണൂര്‍ സ്വദേശി മജീദ് അറസ്റ്റിലായത്.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിലെത്തുകയും തുടര്‍ന്ന് കടകളില്‍ തിരക്കേറുന്ന സമയത്ത് മോഷണം നടത്തി രക്ഷപ്പെടുന്നതുമാണ് ഇവരുടെ രീതിയെന്ന് കൊണ്ടോട്ടി പൊലിസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം പൊലിസ് കണ്ടെടുത്തു. പ്രതികളുമായി മൂന്നിടങ്ങളിലും തെളിവെടുപ്പ് നടത്തി.
എസ്.ഐ കെ.ആര്.രഞ്ജിത്ത്,എ.എസ്.ഐ.അയ്യപ്പന്,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ മോഹന്‍ദാസ്, അബ്ദുല്‍ സലീം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സത്താര്‍, സജിത്ത്,തൗഫീഖ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ്ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."