ഗുജറാത്തില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തി
ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കുന്നു. അക്രമം ഭയന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഭാവ്‌നഗറിനടുത്ത ഉംറാല താലൂക്കിലെ ടിംബി ഗ്രാമത്തിലാണ് ദലിത് യുവാവിനെ ഒരു സംഘം സവര്‍ണയുവാക്കള്‍ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവ്‌നഗര്‍ ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രദീപ് റാത്തോഡ് എന്ന ദലിത് യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് മാസം മുന്‍പ് ഇയാള്‍ ഒരു കുതിരയെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് ചിലര്‍ ചോദ്യം ചെയ്യുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഇയാള്‍ കൊല്ലപ്പെടുന്നത്.
ചിലരില്‍ നിന്നുള്ള ഭീഷണിയുണ്ടായതോടെ കുതിരയെ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി പിതാവ് കലുഭായ് റാത്തോഡ് പറഞ്ഞു. ഇക്കാര്യം ഭീഷണി മുഴക്കിയവരെ അറിയിക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്ക് പോയിരുന്ന യുവാവിനെ കാത്തിരുന്നെങ്കിലും ഇയാള്‍ തിരിച്ചെത്തിയില്ലെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഫാമിനടുത്ത റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പിതാവ് പൊലിസില്‍ മൊഴി നല്‍കി. ഇയാള്‍ മരിച്ചുകിടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായി കുതിരയും ചത്തുകിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
3000ത്തോളം വരുന്ന ജനങ്ങളുള്ള ഗ്രാമത്തില്‍ 10 ശതമാനം ദലിതരാണ്. യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അക്രമം ഉണ്ടായേക്കുമെന്ന സംശയത്തില്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."